വിലങ്ങന്‍ കുന്ന്

പുതിയ പോസ്റ്റ് വിലങ്ങന്‍ കുന്നാണ്. (നിറം ഇത്രയും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്) തൃശൂര്‍ - കുന്നംകുളം റോഡില്‍ അമല ആശുപത്രിയ്ക്ക് തൊട്ടു മുന്‍പ് ഇടത്തോട്ട് ഉളള വഴിയാണ് വിലങ്ങന്‍ കുന്നിലേയ്ക്ക്. മുന്‍പ് കൂട്ടുകാര്‍ പറഞ്ഞും ബ്ലോഗെഴുത്തുകളില്‍ നിന്നും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോയത്. എത്രയോ തവണ ഇതിന് മുന്നിലൂടെ യാത്ര ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വഴി തിരിഞ്ഞില്ല. ഓരോന്നിനും അതിന്‍റേതായ സമയമുണ്ട്.... അല്ലേ...

പ്രധാന റോഡില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വഴിയില്‍ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്. ആളുകള്‍ക്ക്, വാഹനത്തിന്, ക്യാമറയ്ക്ക്... നല്ല വഴിയാണ്. മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ തണലുള്ള വഴി. ഞങ്ങള്‍ പോകുന്ന സമയം നല്ല ഉച്ചസമയമാണ്. അതു വഴി വന്നപ്പോള്‍ പെട്ടന്ന് തിരിഞ്ഞതാണ്. വൈകീട്ടാണ് നല്ല സമയം.

മുകളിലെത്തും മുന്‍പ് കണ്ട ഒരു ദൃശ്യം...

വാഹനം പാര്‍ക്ക് ചെയ്ത് നേരെ കണ്ട ശില്പം ആണ് അടുത്ത ചിത്രം. ഒരു കേരള കര്‍ഷക കുടംബം. കോണ്‍ക്രീറ്റില്‍ ചെയ്ത ഈ ശില്പം ബംഗാളില്‍ കണ്ട രാം കിങ്കറിന്‍റെ സാന്താള്‍ കുടുംബം എന്ന ശില്പത്തെ ഓര്‍മ്മിപ്പിച്ചു. ലളിതവും മികച്ചതുമായ ശില്പം.

അവിടുന്ന് മുന്നോട്ട് നടന്നു. ഇവിടുത്തെ ഭൂമിശാസ്ത്രം ഒന്നും അറിയില്ല. എന്നാല്‍ ചുറ്റും ഒരു നടപ്പാത ഉണ്ടെന്ന് പിന്നെ മനസ്സിലായി. താഴെ ദൂരെയായി തൃശൂരിലെ പാടങ്ങളാണ് കാണുന്നത് മുകളില്‍ കണ്ട ശില്പവും പണിയാതെ കിടക്കുന്ന പാടങ്ങളും പുതിയ കാലത്തിന്‍റെ വിരോതാഭാസം...

ഈ കുന്നിന്‍ മുകളില്‍ എങ്ങോട്ട് തിരിഞ്ഞാലും നല്ല ദൃശ്യങ്ങള്‍ തന്നെയാണ് നമുക്ക് കാണാനാവുക. വെയിലിന്‍റെ കാഠിന്യമൊന്നും ഒന്നര വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയ്ക്ക് ബാധകമായിരുന്നില്ല. കൈ വിട്ടാല്‍ കക്ഷി ഓട്ടമായിരുന്നു.

ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച ശലഭങ്ങളാണ്. തനി നാടന്‍ ചെടികളില്‍ നിറയെ ചിത്രശലഭങ്ങളെ കാണാം. വിശാലമായ കാഴ്ചകള്‍ക്കിടയില്‍ ചില ചെറു നോട്ടങ്ങള്‍ ഇത്തരം മനോഹരദൃശ്യങ്ങള്‍ നമുക്ക് തരും.

മുന്‍പ് പറഞ്ഞ നടപ്പാതയാണ് അടുത്ത ചിത്രത്തില്‍. നാട്ടുകല്ലുകളുപയോഗിച്ച് നിര്‍മ്മിച്ച വഴിയ്ക്ക് അല്പം കൂടെ വീതിയാകാമായിരുന്നു. ഇത് ഒരാള്‍ക്ക് നടക്കാനേ പറ്റൂ.

ഈ സ്ഥലം തൃശ്ശൂരിലെ പ്രധാന കല്യാണ ആല്‍ബം ലൊക്കേഷനാണെന്ന് ഒരു ബ്ലോഗില്‍ വായിച്ചിരുന്നു. ഭാവിയില്‍ ഈ ലൊക്കേഷന്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നവരായിരുന്നു അവിടെ അധികമെന്ന് തോന്നുന്നു. ഇടയ്ക്കിടെ വെയിലിന് മറയേകാന്‍ ചെറിയ കൂടാരങ്ങളും സിമന്‍റ് ബെഞ്ചുകളുമുണ്ട്. അവിടെയെല്ലാം നേരത്തെ ബുക്കിങ്ങായി...



നടന്ന് ഒരു റൌണ്ട് കഴിഞ്ഞു. അപ്പോഴാണ് പീരങ്കി കണ്ടത്. എടുത്തു ഒന്ന്,

അടുത്തായി ഉയരത്തില്‍ കയറി തൃശ്ശൂരിനെ കാണാനായി ഇരുമ്പ് നിര്‍മ്മിതമായ ഒരു തട്ട് ഉണ്ട്. പടികള്‍ കടന്ന് മുകളിലെത്തിയാല്‍ അവിടെ ഇരിയ്ക്കാന്‍ രണ്ടു മൂന്ന് ബെഞ്ചുകള്‍ ഉണ്ട്. അവിടെ നിന്നെടുത്തതാണ് അടുത്ത ചിത്രം. ശോഭാ സിറ്റിയാണ് ദൂരെ കാണുന്നത്. ആദ്യം നമ്മള്‍ കണ്ട ചിത്രത്തിലെ കുടുംബം ഇവിടെ മറ്റൊരു ചിന്തയാകുന്നു...

അവിടെ കുട്ടികള്‍ക്കായുള്ള ചെറിയ ഒരു പാര്‍ക്കുണ്ട്. ഉഞ്ഞാലും സീസോയും മറ്റും അവിടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കുറച്ച് നേരം ഊഞ്ഞാലാട്ടം. വീണ്ടും വണ്ടി കിടക്കുന്നിടത്തേയ്ക്ക്. ഇടയ്ക്ക് ചെറിയൊരു ഐസ്ക്രീം പാര്‍ലര്‍ സന്ദര്‍ശനം.

തിരികെ... ആദ്യം കണ്ട സ്ഥലത്ത് വണ്ടി നിര്‍ത്തി ഒരു ഫോട്ടോ. ഇത്തരം യാത്രകള്‍ക്കായുള്ള പുതിയ ചങ്ങാതി...



Comments

  1. അങ്ങനെ ഞങ്ങളുടെ സ്വന്തം പഞ്ചായത്തിലും എത്തി അല്ലേ? വിലങ്ങൻ കുന്ന് സന്ദർശനം ആസ്വദിച്ചു എന്നറിയുന്നതിൽ സന്തോഷം...

    ReplyDelete
    Replies
    1. വന്ന ഉച്ചസമയം നന്നായിരുന്നില്ല. എന്നാലും ആസ്വദിച്ച യാത്ര.

      Delete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. ഇനി കര്‍ഷകകുടുംബമൊക്കെ ശില്പത്തില്‍ മാത്രമേ കാണൂ. അല്ലേ!!

    ReplyDelete
    Replies
    1. നമ്മുടെ വികസന സങ്കല്പം തലതിരിഞ്ഞതാണെന്ന് ബോധ്യം വരുമ്പോഴേയ്ക്കും എത്ര ജീവിതങ്ങള്‍ കഴിഞ്ഞു പോകും...

      Delete
  4. ആ പൂമ്പാറ്റകളെ കണ്ടിട്ട് കൊതിയാകുന്നുണ്ട്... വിലങ്ങൻകുന്ന് , ചിത്രത്തിലൂടെയും വിവരണത്തിലൂടെയും കാണാനുള്ള ലിസ്റ്റിൽ സ്ഥാനം പിടിച്ചു ട്ടോ...

    ReplyDelete
    Replies
    1. ഒരു വൈകുന്നേരം കുട്ടികളുമൊത്ത് പോവുക.

      Delete
  5. വിവരണം വായിച്ചപ്പോഴാണ് കേച്ചേരിയിലോ മറ്റോ സൈൻ ബോഡിൽ കണ്ട ഈ വിലങ്ങൻ കുന്ന് ഒരു നല്ല കേന്ദ്രമാണ് എന്ന് മനസ്സിലായത്....നന്ദി ഈ പരിചയപ്പെടുത്തലിന്.

    ReplyDelete
    Replies
    1. ഒരു വൈകുന്നേരം കുട്ടികളുമൊത്ത് പോവുക.

      Delete
  6. പഴയ ചിലരെയൊക്കെ കണ്ടപ്പോ ഒരു സന്തോഷം. വീണ്ടും ഇവിടെ എത്തുക...

    ReplyDelete
  7. എന്റെ പണ്ടത്തെ ചില പഴേ
    പ്രണയങ്ങൾ കൊണ്ടാടിയ ഒരു നല്ല ഇടം

    ReplyDelete
    Replies
    1. "ഭാവിയില്‍ ഈ ലൊക്കേഷന്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നവരായിരുന്നു അവിടെ അധികമെന്ന് തോന്നുന്നു."- പിന്‍ഗാമികള്‍ ധാരാളം...

      കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം.

      Delete

Post a Comment

Popular posts from this blog

kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)

മലക്കോട്ടൈകോവില്‍

അജന്ത