Monday, June 21, 2010

ദൌലത്താബാദ് കോട്ട

ഈ തുഗ്ലക്കിന്‍റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്‍റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും).
ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്‍റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം.
കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്.

കോട്ടയുടെ കവാടം. അടുത്ത ചിത്രത്തില്‍ കൂറ്റന്‍ വാതില്‍ കാണാം. ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്. കൂടുതലും പഠനയാത്രകളാണ്. സ്കൂള്‍ കുട്ടികളുടെ വല്യ തിരക്കാണ്. നല്ല പൊടി ശല്യവും ഉണ്ടായിരുന്നു.


മുകളിലോട്ടുള്ള വഴിയുടെ ഇടതു ഭാഗത്തായി ഉള്ള ഒരു സ്ഥലമാണ് ചിത്രത്തില്‍. ഇതിനടുത്തുള്ള കെട്ടിടത്തില്‍ ഒരു ദേവി പ്രതിമയും ഉണ്ട്. അതിന്‍റെ മുന്‍പിലായാണ് ഈ നിരന്ന തൂണുകള്‍ ഉള്ളത്. ചെറിയ കൊത്തുപണികളൊക്കെ ഉള്ള തൂണുകള്‍...
ഇതാണ് പ്രതിമ ഉണ്ടെന്ന് പറഞ്ഞ കെട്ടിടം. നല്ല ഉയരമുള്ള കെട്ടിടമാണ് ഇത്. അത്ര ഉയരത്തിലും അതിന്‍റെ മേല്‍ക്കൂര നോക്കൂ. ചതുര്‍മുഖബസ്തിയുടെ നിര്‍മ്മിതി പോലെ ഉണ്ട്. പ്രതിമയ്ക്കരികില്‍ ഒരു സ്ത്രീ ഇരിയ്ക്കുന്നുണ്ട്.അവിടുന്ന് കുറച്ച് മാറിയാണ് ഒരു മ്യൂസിയം പോലെ കുറെ പീരങ്കികളും കരിങ്കല്‍ പ്രതിമകളും മറ്റു വച്ചിട്ടുള്ളത്.

ഇനി വഴിക്കരുകിലായി, ദൂരെ നിന്നേ കാണാന്‍ കഴിയുന്ന ചാന്ദ് മിനാര്‍.1435 ഈ വിജയസ്തംഭം നിര്‍മ്മിക്കപ്പെട്ടത്. (സര്‍വ്വവിജ്ഞാനകോശത്തില്‍ 1453 എന്നാണ് ഉള്ളത്, എന്നാല്‍ ഇതിന് മുന്‍പിലുള്ള ഫലകത്തില്‍ 1435 എന്നാണ്. wikipedia വീണ്ടും കണ്‍ഫ്യൂഷനാക്കി അതില്‍ 1445 എന്നാണുള്ളത്.) അഹമ്മദ് ഷാ രണ്ടാമന്‍ ആണ് ഇത് പണികഴിപ്പിച്ചത്. 110അടി ഉയരമുള്ള ഈ കെട്ടിടം ഇന്ത്യയിലെ പേര്‍ഷ്യന്‍ കലയ്ക്ക് ഉത്തമ ഉദാഹരണമാണ്. ആദ്യകാലത്ത് വാച്ച് ടവറായും പ്രാര്‍ത്ഥനയ്ക്കായും ഇത് ഉപയോഗിച്ചിരുന്നത്രെ. ഇപ്പോ പുറത്ത് നിന്ന് കാണാനേ കഴിയൂ.


വീണ്ടും പടികള്‍ കയറി മുകളിലേയ്ക്ക്. ഒരുപാട് സന്ദര്‍ശകര്‍ എത്തുന്ന സ്ഥലമാണ് ഇത്. കൂടുതലും ഇന്ത്യക്കാര്‍ തന്നെ. കുട്ടികളുടെയും യുവാക്കളുടെയും സംഘങ്ങള്‍ ധാരാളമായി ഇവിടെ എത്തുന്നുണ്ട്.
ഇടയ്ക്ക് കയറിയെത്തിയ ഉയരം മനസ്സിലാക്കാന്‍ തിരിഞ്ഞ് നോക്കിയാല്‍ ചാന്ദ്മിനാര്‍ കാണാം.

ഇടയ്ക്ക് ചില സ്ഥലങ്ങളില്‍ നല്ല ഇരുട്ടില്‍ ഇടുങ്ങിയ വഴിയിലൂടെ പടികള്‍ കയറുവാന്‍ ഉണ്ട്. യാതൊരു സുരക്ഷയും ഇവിടെ ഇല്ല. എങ്ങനെയൊക്കെയോ അങ്ങനെ കടന്ന് പോകുന്നു. ഒരാള്‍ക്ക് കാലിടറിയാല്‍ വലിയ അപകടം ഉണ്ടാകാവുന്ന സ്ഥലങ്ങളാണ് അവ.

കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിന്‍റെ മുകളില്‍ നിന്നുള്ള ദൃശ്യം.

ദാ, നോക്കൂ നമ്മള്‍ ചാന്ദ്മിനാറിനെക്കാള്‍ ഏറെ ഉയരത്തില്‍...


അവിടെ ഇത്ര ഉയരത്തിലും പണിയിലെ ഭംഗിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് ചിത്രത്തില്‍.
വീണ്ടും മുകളിലേയ്ക്ക്...
തൊട്ട് മുകളില്‍ കണ്ട കെട്ടിടം ദാ, ദൂരെ കാണാം...
ഇപ്പൊ ഏതാണ്ട് മുകളിലെത്തി. കോട്ടയ്ക്ക് ചുറ്റും തീര്‍ത്തിട്ടുള്ള കിടങ്ങ് വ്യക്തമായി കാണാം. കോട്ടയുടെ ഒരു വലിപ്പം നോക്കൂ... ഉയരവും.
ഏറ്റവും മുകളിലായി സ്ഥാപിച്ചിരിക്കുന്ന പീരങ്കിയ്ക്കൊപ്പം...