Friday, May 20, 2011

ശ്രാവണബലഗോള

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഒരു യാത്ര. ബേലൂരും ഹാളീബീഡും ശ്രാവണബലഗോളയും ലക്ഷ്യം. മംഗലാപുരം വരെ ട്രെയിനിലെത്തി അവിടുന്ന് ഹാസ്സന്‍. സ്വന്തം വാഹനത്തിലാണെങ്കില്‍ മംഗലാപുരത്തിന് പോകേണ്ടതില്ല. മംഗലാപുരം - ഹാസ്സന്‍ നാല് മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ്. ദൂരം നോക്കിയിട്ട് കാര്യമില്ല, മല ചുറ്റിയുള്ള വഴിയാണ്. കുറെ സമയം കാട് തന്നെ. ഹാസ്സനില്‍ പുതിയ ബസ്സ് സ്റ്റാന്‍റില്‍ എത്തി ഒരു ഓട്ടോ പിടിച്ച് നമുക്ക് പറ്റുന്ന ലോഡ്ജ് ഏര്‍പ്പാടാക്കി തരാന്‍ പറഞ്ഞു. ആദ്യം പോയ സ്ഥലത്ത് മുറി കിട്ടിയില്ലെങ്കിലും അടുത്ത സ്ഥലം ഓകെ. പഴയ സ്റ്റാന്‍ഡിനടുത്തായതിനാല്‍ യാത്രയ്ക്ക് സൌകര്യമായി. റൂം നന്ന്, റേറ്റും കുഴപ്പമില്ല (Rs.300). വേഗം തന്നെ റെഡിയായി. സമയം രണ്ടര കഴിഞ്ഞിരുന്നു. ലോഡ്ജിനോട് ചേര്‍ന്ന് തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട്, അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ബസ്സിനുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി. പഴയ സ്റ്റാന്‍ഡില്‍ നിന്ന് അവിടേയ്ക്ക് ബസ്സില്ല. അവിടുന്ന് പുതിയ സ്റ്റാന്‍ഡിലേയ്ക്ക് എപ്പോഴും ലോ ഫ്ളോര്‍ ബസ്സുണ്ട്. അവിടെ നിന്ന് ചെന്നരായപട്ടണം ചെന്നിട്ട് വേറെ ബസ്സിന് വേണം പോകാന്‍. ചെന്നരായപട്ടണം ഹാസ്സന്‍ - ബാംഗ്ളൂര്‍ റൂട്ടിലാണ്. അതുകൊണ്ട് എപ്പോഴും ബസ്സുണ്ടാകും. നല്ല വഴിയാണ്. അവിടെ ഒരു ചെറിയ സ്റ്റാന്ഡ് ഉണ്ട്. അതിലാണ് ഇറങ്ങേണ്ടത്. അവിടുന്ന് ശ്രാവണബലഗോളയ്ക്ക് ബസ്സ് കിട്ടും. തനി ഒരു നാട്ടിന്‍പുറത്തപകൂടെയുള്ള യാത്ര. തെങ്ങിന്‍ തോപ്പുകളാണ് വശങ്ങളില്‍ അധികം. ഓലകളുടെ നീണ്ട കെട്ടുകള്‍ മിക്കയിടത്തും ചാരി വച്ചിട്ടുള്ളത് കാണാം. കേരളത്തില്‍ ഇത്തരമൊരു കാഴ്ച എന്നേ നഷ്ടമായി. തെങ്ങുണ്ടായിട്ട് വേണ്ടേ ഓല ! ബസ്സില്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്നവരും വിദ്യാര്‍ത്ഥികളും പിന്നെ നാട്ടുകാരും ആണ് പ്രധാനം, പിന്നെ കേരളത്തിലെ പോലെ കുറച്ച് ഹിന്ദിക്കാരും (മറാത്തി, ബംഗാളി എല്ലാം നമുക്കിപ്പോ ഹിന്ദിക്കാര്‍ തന്നെ !). ബസ്സിറങ്ങേണ്ട സ്ഥലത്തിന് കുറച്ച് മുന്‍പായിത്തന്നെ മലമുകളിലെ ക്ഷേത്രം കാണാം. ബസ്സിറങ്ങി അല്പം നടന്നാല്‍ അടുത്ത് തന്നെ വലതു ഭാഗത്ത് ഒരു നടപ്പാത കാണാം.
ശ്രാവണബലഗോള ഗ്രാമത്തിന്‍റെ കേന്ദ്രത്തിലുള്ള കുളത്തിനു വശത്തൂടെയാണ് ഈ പാത. ചിത്രത്തില്‍ ഇടതുവശം കാണുന്ന മതില്‍ കുളത്തിന്‍റേതാണ്. ശ്രാവണബലഗോളയിലെ 'ബല ഗോള' (വെളുത്ത കുളം) ആണത്രെ ഇത്. നടപ്പാത കടന്ന് ചെല്ലുന്നത് ഒരു റോഡിലേയ്ക്കാണ്. ഇടത്തോട്ട് നടക്കുമ്പോള്‍ കുളം കാണാം.
(ഈ ജലാശയത്തിന്‌റെ വിശാലമായ ചിത്രം നമുക്ക് മലകയറുമ്പോ കാണാം.) ഇതിനു പുറകില്‍ കാണുന്ന മലയാണ് ചന്ദ്രഗിരി. ഇതും വിന്ധ്യഗിരിയുമാണ് ഇവിടെ പ്രധാനം. കുളത്തിന്‍റെ അറ്റം എത്തുമ്പോള്‍ വിന്ധ്യഗിരിയിലേയ്ക്കുള്ള കവാടം കാണാം. മഴ പതുക്കെ പൊടിയുന്നുണ്ട്. മടിയോടെ കാമറ പുറത്തെടുത്ത് പണി തുടങ്ങി. (മുകളിലെ രണ്ട് ചിത്രങ്ങളും സഹയാത്രികന്‍ വക.) ആദ്യം വിന്ധ്യഗിരിയുടെ മുകളിലേയ്ക്ക് തുടങ്ങുന്ന കല്പടവുകളിലേയ്ക്ക് നമ്മെ ക്ഷണിക്കുന്ന കവാടം...

കവാടം കടന്നാല്‍ വലതുഭാഗത്തായി ചെരുപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് അവ ഏല്‍പ്പിക്കണം. പിന്നെ നഗ്നപാദനായി ദാ... ആ കാണുന്ന മലമുകളിലേയ്ക്ക്. വിവിധ പ്രായത്തില്‍ നിരവധിപേര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. കുട്ടികള്‍ നല്ല മൂഡിലാണ്. അവര്‍ ഓടിച്ചാടി കയറുന്നു.


കുറച്ച് കയറിക്കഴിഞ്ഞപ്പോള്‍ പുറകിലേയ്ക്ക് നോക്കി. കുളവും അതിനപ്പുറം മലയും മറ്റുമായി മനോഹരമായ കാഴ്ച. കുറച്ച് പടവുകള്‍ കൂടെ കയറിക്കഴിഞ്ഞപ്പോള്‍ വീണ്ടും നിന്നു, പുറകിലേയ്ക്ക് നോക്കി... അപ്പോഴാണ് മനസ്സിലായത് കാഴ്ചയുടെ ഭംഗി മാത്രമല്ല നിര്‍ത്തുന്നത്. നല്ല കുത്തനെയാണ് നടകള്‍. അതുകൊണ്ട് മിക്കയാളുകളും ഇടയ്ക്കിടെ 'പ്രകൃതിഭംഗി ആസ്വദിക്കുന്നു'!
അങ്ങനെ കുത്തനെയുള്ള ആ പടവുകള്‍ കയറി മുകളിലെത്തി. ആദ്യം കാണുന്നസ്ഥലമാണ് അടുത്ത ചിത്രത്തിലുള്ലത്. അതിനരികിലായി പാറയില്‍ ചില എഴുത്തുകള്‍ ഉണ്ട്. അതിന് കേടുപാടുകള്‍ പറ്റാതിരിക്കാന്‍ ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നു.



വീണ്ടും അവിടെ നിന്നും കയറ്റം തന്നെ. സന്ധ്യ ആയിത്തുടങ്ങിയിരുന്നു. അതു കൊണ്ട് ധാരാളം പേര്‍ തിരികെ ഇറങ്ങി വരുന്നുണ്ട്.

ദാ, നമ്മള്‍ തേടിയ ആള്‍ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. മതില്‍ക്കെട്ടിനെക്കാള്‍ പൊക്കത്തില്‍ നില്‍ക്കുന്ന ഈ സ്വാമിയെ കര്‍ണ്ണാടകത്തില്‍ മറ്റ് പല സ്ഥലങ്ങളിലും കാണാം. ബാഹുബലി ബേട്ട ഒരു ഉദാഹരണം. എന്നാല്‍ ഏറ്റവും ഉയരവും പ്രൌഡിയും ഈ പ്രതിമയ്ക്ക് മാത്രം അവകാശമത്രെ.
പ്രതിമ നില്ക്കുന്ന കെട്ടിടത്തിന്‍റെ മുന്‍ഭാഗം ആണ് താഴെയുള്ള ചിത്രത്തില്‍.
അകത്ത് കടന്നാല്‍ കുറെ തുണുകളൊക്കെയുള്ള ഒന്നാണ് ഇത്. അതിന്റെ നടുമുറ്റത്താണ് കക്ഷി അങ്ങനെ തലയുയര്‍ത്തി നിക്കണത്.
പടമെടുക്കാന്‍ ശരിയ്ക്ക് താഴെ നിന്ന് തന്നെ കാമറ വയ്ക്കേണ്ടി വരും. എന്നാലെ മൊത്തത്തില്‍ ഫെയ്മിലൊതുങ്ങൂ.
കാല്‍പാദം ആണ് അടുത്തചിത്രത്തില്‍. മുന്‍പില്‍ നില്ക്കുന്ന പൂജാരി മാത്രമാണ് അകത്തെ അരമതിലിനകത്ത് ഉള്ളത്. കക്ഷി എന്തോ പ്രസാദം നല്കുന്നുണ്ടെന്ന് തോന്നുന്നു. ഞങ്ങള്‍ രണ്ടാളും പ്രതിമയുടെ ആകാരവും പരിസരവും വീക്ഷിച്ചു. വിദേശികളടക്കം ധാരാളം ആളുകള്‍ ഇവിടെ വന്ന് പോയിക്കൊണ്ടിരിക്കുന്നു.
അകത്തുകൂടെ ഒരു അറ പോലെ ചുറ്റും ഉണ്ട്. അതിലൂടെ ചുറ്റിയപ്പോള്‍ കണ്ട പ്രതിമകളാണ് അടുത്ത ചിത്രത്തില്‍. ഒരു ഭാഗത്ത് വെളിച്ചം ഉണ്ടായിരുന്നു. പ്രതിമയുടെ പുറകില്‍ വരുന്ന ഭാഗം ഇരുട്ടാണ്. ഈ പ്രതിമകള്‍ മാത്രേ അവിടെ കാണാനുള്ളൂ.
പുറത്തിറങ്ങി നോക്കുമ്പോള്‍ കാണുന്ന മനോഹരമായ കാഴ്ച...
ശബരിമലയിലും മറ്റും ഉള്ളതു പോലെ ആളെ ഇരുത്തി ഇവിടെ എത്തിക്കുന്ന സംവിധാനം ഇവിടെയും ഉണ്ട്. അകത്ത് പോയ ആള്‍ തിരികെ വരാനായി വണ്ടിക്കാരന്‍റെ കാത്തിരിപ്പ്...
ഇറങ്ങുന്ന വഴിയാണ് ചുമരുകളും തൂണുകളുമെല്ലാം ശരിക്ക് ശ്രദ്ധിക്കുന്നത്...



സൂര്യാസ്തമയം ആയി...

അങ്ങനെ ഗോമതേശ്വരനെ കണ്ട് താഴെ എത്തി. ബസ്സ് തയ്യാറായിരുന്നു. നേരെ ഹാസ്സന്‍. വന്ന വഴി തിരികെ രാത്രിയായി... നാളെ ബേലൂര്‍, ഹാളീബീ‍ഡു. രണ്ടും എഴുതാം.

Monday, October 25, 2010

മൂന്നാര്‍

കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു വലിയ പോസ്റ്റിന് മുതിരുന്നത്. മൂന്നാറാണ് സ്ഥലം. മഴ ഉണ്ടായാല്‍ മുറിവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥലം. ഞങ്ങള്‍ പോകുന്നത് കോരിച്ചൊരിഞ്ഞ മഴയുള്ള ദിവസവും. മുന്‍കൂട്ടി നിശ്ചയിച്ചത് മഴയുടെ പേരില്‍ മാറ്റാന്‍ തോന്നിയില്ല. 'വിശ്വാസം... അതല്ലേ എല്ലാം...'

ഇത് നേര്യമംഗലം പാലം. നമ്മുടെ പടമെടുപ്പ് ഇവിടെ തുടങ്ങുന്നു, ഹൈറേഞ്ചും. 1935ല്‍ നിര്‍മ്മിച്ച ഈ പാലം ഉദ്ഘാടനം ചെയ്തത് ശ്രീചിത്തിരതിരുനാള്‍ ആണ്. പാലത്തിന്‍റെ റോഡ് വീതി വെറും 4.90 മീറ്ററേ ഉള്ളൂ. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന്‍റെ ഒരു കുഞ്ഞന്‍ പതിപ്പ്.
പാറവെട്ടിമാറ്റി നിര്‍മ്മിച്ച റോഡ്. വൈലോപ്പിള്ളിയുടെ 'മലതുരക്കല്‍' ഓര്‍ത്തു.
ആ പാറയില്‍ വളര്‍ന്നു വന്ന ആല്‍മരം...
മൂന്നാര്‍ യാത്രയിലെ ആദ്യ വെള്ളച്ചാട്ടം ആണ് ഇത്- ചീയപ്പാറ. ധാരാളം സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ പോയി നില്‍ക്കാനുള്ള സൌകര്യം ഉണ്ട് ഇവിടെ. തട്ടുകളായി വീഴുന്ന ഈ വെള്ളച്ചാട്ടത്തിന് ഇത്ര ഭംഗിയുണ്ടാവാന്‍ കാരണം മഴക്കാലം ആകും. എന്തായാലും മഴ ഇതുവരെ ഞങ്ങളെത്തേടി വന്നില്ലാട്ടോ.
അവിടുന്ന് കുറച്ച് കൂടെ യാത്ര ചെയ്താല്‍ റോഡരികില്‍ നിന്നാ കാണാവുന്ന വാളാര്‍ വെള്ളച്ചാട്ടം. ഇതിനരികിലേയ്ക്ക് പോകാന്‍ കഴിയില്ല. വെള്ളം ഉള്ള സമയം ആയത്കൊണ്ട് ഒരു ഭംഗിയൊക്കെ ഉണ്ട്. ഈ രണ്ട് കാഴ്ചകള്‍ക്കും മഴ തടസ്സമാകാത്ത സന്തോഷത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു...
ഒരു വെള്ളച്ചാട്ടം കൂടി ഉണ്ടായിരുന്നു. മഴ ഞങ്ങളെ ഇറങ്ങാന്‍ സമ്മതിച്ചില്ല. റോഡ് സാമാന്യം നല്ല മോശമായിത്തുടങ്ങി. വഴി വീതി കൂട്ടാന്‍ ഉള്ള പണി നടക്കുന്നതിനാല്‍ ടാറിങ് പലയിടത്തും ഒരു 'സങ്കല്പം' മാത്രമാണ്. നല്ല മഴ തുടങ്ങി... അങ്ങനെ മഴക്കാഴ്ചകള്‍ക്കിടയില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ കണ്ട് തുടങ്ങി.
താമസം പറഞ്ഞിരുന്നത് ശരവണ ഇന്‍-ല്‍. പാലത്തിന് മുന്‍പ് ഇടത്തോട്ട് പോകണം. അന്വേഷിച്ച് കണ്ടെത്തി. പാര്‍ക്കിങ്ങിന് വളരെ ബുദ്ധിമുട്ടുള്ള സ്ഥലം എന്നതൊഴിച്ചാല്‍ വേറെ പ്രശ്നമില്ല. അടുത്ത് ശരവണ ഭവന്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ ഉണ്ട്. എന്നാല്‍ ആ തണുപ്പത്ത് അങ്ങനെ വെജിറ്റേറിയനാകാന്‍ ഞങ്ങളെ കിട്ടില്ല. നടന്ന് ഒരു ഹോട്ടല്‍ കണ്ടെത്തി. ഫുഢടിച്ചു. തിരികെ മുറിയിലെത്തി അല്പം വിശ്രമം. റൂമില്‍ നിന്ന് എടുത്ത ടൌണിന്‍റെ കാഴ്ചയാണ് അടുത്ത ചിത്രത്തില്‍.
മഴ ചെറുതായി ഇടയ്ക്ക് പൊടിയുന്നു. ഞങ്ങള്‍ പുറത്തിറങ്ങി. വന്ന വഴിയെതന്നെ പോയാല്‍ ഒരു ഗാര്‍ഡന്‍ ഉണ്ടെന്നറിയാം. അതന്വേഷിച്ചാണ് കറക്കം. കുറച്ചിട ചെന്നപ്പോള്‍ കനാലിന്‍റെ വശങ്ങളിലായി നല്ല പൂക്കള്‍ നിറഞ്ഞ് നില്ക്കുന്നു. കനാലിന് കുറുകെ ഒരു ഇരുമ്പ് പാലം കണ്ടപ്പോള്‍ നിര്‍ത്തി. പാലം പൂട്ടി ഇട്ടിരിക്കുകയാണ്. കുനിഞ്ഞ് അകത്ത് കടന്നു. മനോഹരമായ ഒരു ലാന്‍ഡ് സ്കേപ് ചിത്രം പോലെയുള്ള കാഴ്ചയാണ് പാലത്തില്‍ നിന്ന് നോക്കിയാല്‍ ഇരു വശത്തും കാണാനാവുക. മൂന്നാറിലെ സാധാരണ കാണാറുള്ള ഏതൊരു സ്ഥലത്തെക്കാളും മനോഹരമായ ദൃശ്യം. മഴക്കാറിന്‍റെ മൂടല്‍ ചെറിയൊരു തടസ്സമായിട്ടും നല്ല കാഴ്ച തന്നെ അവിടം നല്‍കി.

അവിടുന്ന് കുറച്ച് കൂടെ ചെന്നപ്പോള്‍ അന്വേഷിച്ച ഗാര്‍ഡനില്‍ എത്തി. പാസ്സ് എടുത്തു. വ്യത്യസ്തയിനം ചെടികളാല്‍ നിറഞ്ഞ പൂന്തോട്ടം. പുതിയ തൈക്കള്‍ നടുന്ന സമയം ആയതിനാലും മഴക്കാലമായതിനാലും ചെറിയ പോരായ്മകള്‍ ഉണ്ടെന്ന് മാത്രം. പൂക്കളും പുല്‍മേടും നടപ്പാതയും കുട്ടികള്‍ക്ക് ഊഞ്ഞാലും എല്ലാമായി ഒരു വൈകുന്നേരം ചെലവഴിക്കാന്‍ പറ്റിയ സ്ഥലം...


മഴ ചെറുതായി ചാറിയപ്പോഴേക്കും ഞങ്ങള്‍ അറ്റം വരെ നടന്നെത്തിയിരുന്നു. അവിടുന്ന് സാവധാനം തിരിച്ചു. മഴ ഇടയ്ക്ക് പൊടിയുന്നു എന്ന് മാത്രം. കാഴ്ചകള്‍ക്ക് തടസ്സമൊന്നും ഇല്ല. വെറുതെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു ഡ്രൈവ്. പോയ വഴി മോശമായിരുന്നു എന്ന് മാത്രം. ഇടയ്ക്കിറങ്ങി ചിത്രങ്ങള്‍ എടുത്തു, കാഴ്ചകള്‍ കണ്ടു... ഇരുട്ടായിത്തുടങ്ങിയപ്പോള്‍ പതുക്കെ മുറിയിലേക്ക് തിരിച്ചു...
രാത്രി ശരവണഭവനിലെ നല്ല ഒനിയന്‍ ഊത്തപ്പം, ചായ...

രാവിലെ നേരത്തെ ഉണര്‍ന്നു. മഴ ആയതിനാല്‍ ശക്തി കുറവെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. പുറത്തേക്ക് നോക്കിയപ്പോള്‍ സൂര്യനുദിക്കുന്നു. ആ പ്രകാശത്തില്‍ ദൂരെ രണ്ട് മലകള്‍ തിളങ്ങി നില്‍ക്കുന്നു.
വീണ്ടും ശരവണഭവനിലേക്ക്. രാവിലത്തെ ചായ കഴിച്ച് എട്ടരയോടെ കറങ്ങാനിറങ്ങി. മൂന്നാറില്‍ പ്രധാനമായി നാല് വഴികളാണ് ഉള്ളത്- മാട്ടുപ്പെട്ടി, കോയമ്പത്തൂര്‍, കൊച്ചി, തേക്കടി. മൂന്നാറിന്‍റെ സാറ്റലൈറ്റ് മാപ് നോക്കുക. കോയമ്പത്തൂര്‍ വഴിയാണ് രാജമല, മറയൂര്‍ എന്നീ സ്ഥലങ്ങള്‍. ഈ കാലാവസ്ഥയില്‍ അങ്ങോട്ട് പോയിട്ട് കാര്യമില്ല. ഞങ്ങള്‍ മാട്ടുപ്പെട്ടി റോഡ് തെരഞ്ഞെടുത്തു. ടൌണ്‍ പിന്നിട്ടപ്പോള്‍ നല്ല റോഡ്. ടാറ്റയുടേതടക്കം പല സ്ക്കൂളുകളും ഈ വഴിയില്‍ ആണ്. ധാരാളം തേയിലത്തോട്ടങ്ങള്‍ ഇരുവശത്തും ഉള്ള വഴി. ചെറിയ മഞ്ഞ്. ഹരിഹരന്‍റെ ഗസലൊക്കെ കേട്ട് സാവധാനത്തിലുള്ള യാത്ര. ഇടയ്ക്ക് നിര്‍ത്തി പടമെടുപ്പ്...
13 കിലോമീറ്റര്‍ ആണ് മാട്ടുപ്പെട്ടി ഡാമിലേക്കുള്ള ദൂരം. അവിടെയെത്തി, വണ്ടി ഡാമിനടുത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തി. ഡാമിലേക്ക് ചാഞ്ഞ് നില്ക്കുന്ന വലിയ മരങ്ങള്‍ക്കരികിലായാണ് പാര്‍ക്കിങ്.
അവിടെ നിന്നുള്ള ഡാമിന്‍റെ ദൃശ്യം.
ഡാമിലൂടെ മറുവശത്തേക്ക് നടന്നു. ഇടയ്ക്ക് കാറ്റ്... മഴ ഒന്ന് പൊടിഞ്ഞു, പെയ്തില്ല. ഫോട്ടോകള്‍ ധാരാളം എടുത്തു.

ഡാമിന്‍റെ ഇപ്പുറം ഉള്ളത് പോലെ മറുവശവും നിറയെ കടകളാണ്. ചെറിയ സാധനങ്ങള്‍ ഇവിടെ കിട്ടും. ധാരാളം പേര്‍ ഡാം കാണാന്‍ ഇറങ്ങിയിട്ടുണ്ട്.
തിരിച്ചെത്തി വണ്ടിയെടുത്ത് ഡാമിലൂടെ... ഇനി എക്കോ പോയന്‍റ് ആണ് ലക്ഷ്യം. നല്ല റോഡാണ്. അതുകൊണ്ട് സുഖയാത്ര. ഡാമില്‍ നിന്ന് 4 കിലോമീറ്റര്‍ കഴിഞ്ഞാണ് എക്കോ പോയന്‍റ്. അവിടെ കാര്യമായി ഒന്നും ഇല്ല. യാത്ര തുടര്‍ന്നു. വീണ്ടും 6 കിലോമീറ്റര്‍ പോയാല്‍ കുണ്ടള ഡാമിലെത്താം. ഇടയ്ക്ക് ഇരു വശത്തും യൂക്കാലി മരങ്ങള്‍ നിറഞ്ഞ റോഡ്. ഇറങ്ങി, കാഴ്ചകള്‍ കണ്ട് യാത്ര...

മനോഹരമായ കുന്നുകളും തോട്ടങ്ങളും ഈ യാത്രക്കിടെ കാണാം. പ്രത്യേകിച്ച് ഒരു സ്ഥലം എന്നതിനെക്കാള്‍ ഇത്തരം കാഴ്ചകള്‍ക്കാണ് മൂന്നാര്‍ യാത്രയില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് തോന്നുന്നു. ഈ വഴിയിലാണ് മാട്ടുപ്പെട്ടി ഫാം. ഫാമിന്‍റെ ഗേറ്റ് കണ്ടു, ഇറങ്ങിയില്ല. റോഡരികിലായി പശുക്കള്‍ക്കായി വളര്‍ത്തുന്ന പുല്‍മേടുകളും കാണാം.



അങ്ങനെ കുണ്ടള ഡാമിലെത്തി. വലിയ യൂക്കാലി മരങ്ങള്‍ക്കരികിലായാണ് ഈ ഡാം.
നല്ല ഭംഗിയുള്ള കാഴ്ചകളാണ് ഈ സ്ഥലവും നല്‍കുന്നത്. ഡാമില്‍ ബോട്ടിങ് സൌകര്യം ഉണ്ട്. ധാരാളം പേര്‍ ബോട്ടിങ് നടത്തുന്നുണ്ടായിരുന്നു.
സാവധാനം തിരിച്ചു. കാരണം ഉച്ചയ്ക്ക് റൂം ഒഴിയണം. മാട്ടുപ്പെട്ടി ഡാമില്‍ ഇരുവശത്ത് നിന്നും ഒരേസമയം ബസ്സുകള്‍ വന്നത് ഗതാഗതം സ്തംഭിപ്പിച്ചു. ഏതാണ്ട് അരമണിക്കൂര്‍ അവിടെ പോയി.
തിരികെ മൂന്നാറെത്തി. ഭക്ഷണം, ചായപ്പൊടി വാങ്ങല്‍... മടക്കയാത്ര. മഴ ഒട്ടും ഇല്ലാത്ത കാലാവസ്ഥ. അത് കൊണ്ട് അങ്ങോട്ട് പോയപ്പോള്‍ കാണാന്‍ കഴിയാതിരുന്ന കാഴ്ചകള്‍ കണ്ട് തിരികെയിറങ്ങി...
അങ്ങോട്ടുള്ള യാത്രയില്‍ ഇറങ്ങാന്‍ കഴിയാതെ പോയ വെള്ളച്ചാട്ടമാണ് ഇത്. താഴേക്കിറങ്ങി അതിനടുത്ത് വരെ പോയി. അങ്ങനെ മൂന്നാര്‍ യാത്രയിലെ അവസാന ചിത്രവും എടുത്ത് കഴിഞ്ഞു...

അങ്ങനെ നല്ല യാത്രകളുടെ ലിസ്റ്റിലേയ്ക്ക് മൂന്നാറും.