Saturday, July 31, 2010

മലക്കോട്ടൈകോവില്‍

തൃശ്ശ്നാപ്പള്ളിയില്‍ നിന്ന് ശ്രീരംഗം പോകുന്ന വഴിയിലാണ് മലക്കോട്ടൈകോവില്‍ എന്ന് പേരുള്ള ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രം എന്നതിനേക്കാള്‍ ഈ സ്ഥലം നല്‍കുന്ന കാഴ്ചകള്‍ ആസ്വദിക്കുന്നതിനും കാറ്റ് കൊള്ളുന്നതിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഞങ്ങള്‍ ഇവിടെ എത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി. അത്കൊണ്ട് കുറെ അധികനേരം മൊബൈലില്‍ പാട്ടൊക്കെ കേട്ട് ഇവിടെ ഇരിയ്ക്കേണ്ടതായി വന്നു. ഒരു അഞ്ച് മണിയോടെ ഇവിടേയ്ക്ക് കയറിയാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്.
ബസ്സിറങ്ങിയ സ്ഥലത്തുനിന്നുള്ള കോവിലിന്‍റെ കാഴ്ച. ദാ, ആ മലയുടെ മുകളിലേയ്ക്കാണ് നമുക്ക് പോകേണ്ടത്.നല്ല തിരക്കായിത്തുടങ്ങുന്ന ഒരു മാര്‍ക്കറ്റിലൂടെയാണ് അങ്ങോട്ട് പോകുന്നത്. ഇടയ്ക്ക് ഇടത് വശത്തായി കാണുന്നതാണ് താഴെ കാണുന്ന കുളം.
കോവിലിലേയ്ക്കുള്ള പ്രവേശനഗോപുരം. ടിക്കറ്റെടുത്ത് മുകളിലേയ്ക്ക്.
ഈ തിരക്ക് പിടിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്കിടയിലായാണ് അമ്പലത്തിലേയ്ക്കുള്ള വഴിയും.
മുകളിലേയ്ക്കുള്ള നടകള്‍.
ഇടയ്ക്ക് ഒരിടത്ത് ഗുഹയുടെ മാതൃകയില്‍ ഒരു സ്ഥലമുണ്ട്. അവിടെ ചെറിയ ചില കൊത്തുപണികള്‍ കാണാം.
അവിടെ ചുമരില്‍ നിറയെ എഴുത്തുകള്‍ ഉണ്ട്.

നടകള്‍ കയറി, മുകളിലെത്തിയാല്‍ ഉള്ള കാഴ്ചയാണ് ഇത്. ഇപ്പോ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് നോക്കിയാല്‍ കാവേരി നദിയും ദൂരെ ശ്രീരംഗം ക്ഷേത്രത്തിന്‍റെ ഗോപുരങ്ങളും കാണാം. ആളുകള്‍ എത്തിത്തുടങ്ങുന്നു. എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും ഇവിടെ എത്തുന്നുണ്ട്. മലയാളികളെ വേറെ കണ്ടില്ല. (തിരിച്ചിറങ്ങുമ്പോള്‍ കണ്ടിരുന്നു.) ഇവിടെ എത്തിയാല്‍ നല്ല കാറ്റാണ്, എല്ലായ്പോഴും. വീണ്ടും നടകള്‍ കയറി മുകളിലേയ്ക്ക്.
കെട്ടിടങ്ങള്‍ക്കപ്പുറം കാവേരി കാണാം. ഈ ഉയരക്കാഴ്ചയാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത.

ഏറ്റവും മുകളില്‍ നിന്ന് കാണാവുന്ന നഗരത്തിന്‍റെ വിവിധ വശങ്ങള്‍. പെട്ടികള്‍ പോലുള്ള കടകളും വീടുകളും...
നമ്മള്‍ കയറി വന്ന വഴിയിലെ ഗോപുരത്തിന്‍റെ പശ്ചാത്തലത്തില്‍... കുറെ സമയം ഞങ്ങള്‍ ഈ പാറയില്‍ ഇരുന്നു. ഒരുപാടാളുകള്‍ ഇവിടെ ഇരിയ്ക്കുകയും കുറെ കഴിഞ്ഞ് പോവുകയും ചെയ്തു. ഞങ്ങള്‍ക്ക് രാത്രിയിലെ ഒരു കാഴ്ച കൂടെ കാണണം എന്ന നിര്‍ബന്ധത്തില്‍ അവിടെത്തന്നെ ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ കയറാത്ത കുറച്ച്കൂടെ ഉയരത്തിലേയ്ക്ക് കയറാന്‍ ഒരാഗ്രഹം. അവിടം വരെ കയറിയാല്‍ കിട്ടുന്ന കാഴ്ചയെക്കുറിച്ചോര്‍ത്തപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. മുകളില്‍ കയറിപ്പറ്റി.
മുന്‍പിരുന്നതില്‍ നിന്നുള്ള വ്യത്യാസം നോക്കൂ. ആ ഗോപുരത്തിന്‍റെ തടസ്സമില്ലാതെ പൂര്‍ണ്ണ വിസ്തൃതിയില്‍ നഗരം ഇവിടെ നിന്ന് കാണാം. നീണ്ട് പോകുന്ന വഴിയും ഇരുവശങ്ങളിലായുള്ള കെട്ടിടങ്ങളും... രാത്രിയില്‍ ലഭിയ്ക്കുന്ന കാഴ്ചയെക്കുറിച്ചുള്ള പ്രതീക്ഷയില്‍ ആയിരുന്നു ഞങ്ങള്‍.

ആകാശം കാര്‍മേഘങ്ങള്‍ നിറഞ്ഞിരുന്നു...
ധാരാളം ആളുകള്‍ ഇരിയ്ക്കുന്നുണ്ട്. ഞങ്ങള്‍ ഇരിയ്ക്കുന്നത് കണ്ട് ചില ചെറുപ്പക്കാര്‍ അവിടേയ്ക്ക് കയറി വന്നു. എന്നാല്‍ അവരാരും ഈ രാത്രിയിലെ കാഴ്ചയെക്കുറിച്ച് ആലോചിക്കുന്നതായി തോന്നിയില്ല. ഈ കുന്നിന്‍ മുകളിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് നാട്ടിലേയ്ക്ക് ഫോണില്‍ സംസാരിച്ചു... അങ്ങനെ സമയം പതുക്കെ പോയ്ക്കൊണ്ടിരുന്നു.
ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ചിത്രങ്ങളാണ് ഇനിയുള്ളത്. മലക്കോട്ടൈകോവില്‍ നല്‍കുന്ന ഈ കാഴ്ച കാണാതെ പോകുന്നവരാണ് അവിടെ വരുന്നവരിലധികവും.
നഗരം ഇരുട്ട് മൂടി, അങ്ങനെ സുന്ദരമായ ഒരു ചിത്രം പോലെ ആയിത്തീരുന്ന കാഴ്ച...