കുടക്കല്ലുകളും വെട്ടുകല്‍ ഗുഹയും

ബ്ലോഗ് വീണ്ടും സജീവമാക്കാനുള്ള ശ്രമം. കുറെ നാള്‍ ഡ്രാഫ്റ്റില്‍ കിടന്നു ഇത്...

നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ചരിത്രസ്മാരകങ്ങള്‍ യാദൃശ്ചികമായി കാണാനിടയായ അനുഭവമാണ് ഈ പോസ്റ്റ്. തൃശ്ശൂര്‍ ജില്ലയില്‍ അരിയന്നൂര്‍ എന്ന സ്ഥലത്താണ് കുടക്കല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. മലയാളം വിക്കിയില്‍ കുടക്കല്ലിനെക്കുറിച്ച് നോക്കിയപ്പോള്‍ കുന്നംകുളത്തിനടുത്തുള്ള ചിറമനങ്ങാട് എന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം മാത്രമേ ഉള്ളൂ. ഇത്തരം സ്മാരകങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവു് വളരെ പരിമിതമാണെന്ന് പറയാം. മറയൂരില്‍ ആണ് മുന്‍പ് ഞാന്‍ മുനിയറകളും മറ്റും കണ്ടിട്ടുള്ളത്.

കേന്ദ്രപുരാവസ്തു വകുപ്പ് നല്ലനിലയില്‍ സംരക്ഷിച്ചിട്ടുള്ള ഈ സ്ഥലങ്ങള്‍, ഇതുവഴി വരാന്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുന്നതിനായി ഈ കുറിപ്പ് ...

തൃശൂര്‍ നിന്ന് ചൊവ്വല്ലൂര്‍പ്പടി വഴി ഗുരുവായൂര്‍ക്ക് പോകുന്ന ബസ്സില്‍ കൂനമൂച്ചി സെന്‍റര്‍ എന്ന സ്റ്റോപ്പില്‍ നിന്ന് ഇടത്തോട്ടാണ് ഇവിടേയ്ക്കുള്ള വഴി. ശ്രീകൃഷ്ണ കോളേജിലേയ്ക്കുള്ള വഴിയ്ക്ക് ശേഷം വലത്തോട്ടുള്ള വഴിയ്ക്ക് കുറച്ച് ചെന്നാല്‍ സ്ഥലമായി. ഒരു സാധാരണ ഗ്രാമാന്തരീക്ഷം. അടുത്തടുത്തായി വീടുകളുള്ള ഇത്തരമൊരു സ്ഥലത്ത് ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

വെട്ടുകല്ലില്‍ നിര്‍മ്മിച്ച ഫ്രെയ്മില്‍ ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരണം നല്കിയിരിക്കുന്നത് നന്നായിട്ടുണ്ട്.

ഇരുമ്പ്  വലയാല്‍ നിര്‍മ്മിച്ച ചുറ്റുമതിലിനകത്ത് നല്ല രീതിയില്‍ സംരക്ഷിച്ചിരുക്കുന്നു ഇവിടം. നടുവിലായി വലിയൊരു പാലമരമുണ്ട്. അതിന് ചുറ്റിലുമായി കുടക്കല്ലുകളും.

കുടക്കല്ലുകള്‍ മിക്കതും നല്ല രീതിയില്‍ തന്നെ നിലനില്‍ക്കുന്നു. രണ്ടെണ്ണം മാത്രമാണ് തകര്‍ന്ന നിലയില്‍ ഉള്ളത്. സംരക്ഷിയ്ക്കപ്പെടും മുന്‍പ് നമ്മുടെ നാട്ടുകാരുടെ വിക്രിയകളാകും ഇത്.


നല്ല ആകൃതിയും വലിപ്പവുമുള്ള ഈ ശിലകള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള എത്രയോ ജീവിതങ്ങളുമായി ബന്ധമുണ്ടാകും... അധ്വാനത്തിന്‍റെയും വിശ്വാസത്തിന്‍റെയുമെല്ലാം മേളനം ഇവിടെ നടന്നു.


തകര്‍ന്ന കുടക്കല്ലിലൊന്ന്. അടിയിലെ കല്ലുകളുടെ ഘടന ഇതില്‍ നിന്ന് മനസ്സിലാക്കാം.

ഇവിടെ നിന്ന് അടുത്ത് തന്നെയാണ് വെട്ടുകല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.(പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കോവിലന്‍റെ വീട് ഇതിനരികിലാണ്) തപസ്സിനും ധ്യാനത്തിനും മറ്റുമായി നിര്‍മ്മിച്ചതാകും ഇത്. അടുത്തടുത്ത സ്ഥലങ്ങളിലായി കാണുന്ന ഈ രണ്ട് സ്മാരകങ്ങളുമായി ബന്ധമുണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ. താഴെ കാണുന്ന ചിത്രത്തിലെ ചതുരത്തിലുള്ള ഭാഗം ആണ്'പ്രവേശനകവാടം'. അതിനകത്ത് ഇറങ്ങി തൊട്ടടുത്ത് കാണുന്ന വൃത്തത്തിലുള്ള ദ്വാരത്തിന്‍റെ കീഴെ ഉള്ള അറയിലേയ്ക്ക് പ്രവേശിക്കാം.


ഇറങ്ങാനുള്ള വഴി...

അറയിലേയ്ക്ക് കടക്കാന്‍ ചെറിയ ഒരു ദ്വാരമാണുള്ളത്.

അകത്തു നിന്ന് മേല്പോട്ട് നോക്കിയാല്‍...

ഗോളാകൃതിയില്‍ അകം കൊത്തിക്കളഞ്ഞാണ് അറയുടെ നിര്‍മ്മാണം. ഗുഹാ ക്ഷേത്രങ്ങളുടെ മാതൃയാണ് ഇത്.

ഇരിക്കുന്നതിനായി മൂന്ന് ഇരിപ്പിടങ്ങള്‍ കല്ല് കൊത്തി മാറ്റി നിര്‍മ്മിച്ചിട്ടുണ്ട്.





ആവശ്യത്തിന് വായുവും വെളിച്ചവും അകത്ത് കിട്ടും. നല്ല വെയിലുള്ളപ്പോഴും തണുപ്പാണ് ഇവിടെ. കല്ലില്‍ പൂപ്പല്‍ പിടിച്ച് കാണുന്നത് ഈ തണവ് കോണ്ടാണ്.

വെട്ടുകല്‍ ഗുഹയെക്കുറിച്ച് അവിടെ സ്ഥാപിച്ചിരിക്കുന്ന വിവരണം,

Comments

  1. ബ്ലോഗ് വീണ്ടും സജീവമാക്കിയതില്‍ സന്തോഷം. മുമ്പത്തെയത്ര ട്രാഫിക് ഒന്നും ഉണ്ടാവുകയില്ല ഇപ്പോള്‍ ബ്ലോഗുകളില്‍. ഫേസ് ബുക്കിന്റെ അതിപ്രസരം ബ്ലോഗുകളെ ബാധിച്ചു എന്ന് പറയാം. എന്നാലും ചിലരൊക്കെയുണ്ട് ഇപ്പോഴും വായനക്കാരായിട്ട്. എഴുത്ത് തുടരുക. വെട്ടുകല്ലുഗുഹ ആദ്യമായിട്ടാണ് കാണുന്നത്. കുടക്കല്ലുകളെപ്പറ്റി കേട്ടിട്ടുണ്ട് മുമ്പ് തന്നെ.

    ReplyDelete
    Replies
    1. ഈ രണ്ടു സ്ഥലങ്ങള്‍ക്കുമടുത്തായി മറ്റൊരു പറയത്തക്ക പ്രാധാന്യമുള്ള സ്ഥലമില്ലാത്തതിനാലാകാം അധികമാരും അറിയാത്തത്. ഗുരുവായൂര്‍ യാത്ര സ്വന്തം വാഹനത്തില്‍ നടത്തുന്നവര്‍ക്ക് എത്താനാകും. ഏതായാലും ഇത്തരം എഴുത്തുകള്‍ ബ്ലോഗില്‍ തുടരാം...

      Delete
  2. ഞാനിവിടെ പോയിട്ടുണ്ട്. ഗുഹയാണോ ഇത്. കല്ലറയല്ലേ...

    ReplyDelete
    Replies
    1. ആദര്‍ശ്, വെട്ടുകല്‍ ഗുഹ തന്നെ. ഇരിപ്പിടത്തോട് കൂടിയ സ്ഥലമാണ് ഇത്. അവിടെ സ്ഥാപിച്ചിട്ടുള്ള ഫലകം പോസ്റ്റില്‍ ചേര്‍ക്കാം നോക്കൂ...

      Delete
  3. വീണ്ടും ബ്ലോഗിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ആത്മൻ ...
    നമ്മുടെ നാട്ടിൽ നാമറിയാത്ത എത്രയോ കാഴ്ചകൾ, ഇതുപോലുള്ള യാത്രയിൽ യാദൃശ്ചികമായി കിട്ടുന്നു.... ഇത്ര അടുത്തുണ്ടായിട്ടും കേട്ടിട്ടില്ല എന്നു പറയാൻ നാണക്കേടു തോന്നുന്നു...

    ReplyDelete
    Replies
    1. ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ ഭേദമില്ല. എത്ര കാലം കഴിഞ്ഞാണ് അടുത്തുള്ള ഓരോ സ്ഥലങ്ങള്‍ അറിയുന്നത്...

      Delete
  4. നമ്മുടെ നാട്ടിലുള്ള വെട്ടുകല്ല് ഗുഹയെ പറ്റി ആദ്യമായി അറിയുന്നു

    ReplyDelete
    Replies
    1. ബിലാത്തി നാട്ടിലെവിടെയാ...?

      Delete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം