മൂന്നാര്‍
കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു വലിയ പോസ്റ്റിന് മുതിരുന്നത്. മൂന്നാറാണ് സ്ഥലം. മഴ ഉണ്ടായാല്‍ മുറിവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥലം. ഞങ്ങള്‍ പോകുന്നത് കോരിച്ചൊരിഞ്ഞ മഴയുള്ള ദിവസവും. മുന്‍കൂട്ടി നിശ്ചയിച്ചത് മഴയുടെ പേരില്‍ മാറ്റാന്‍ തോന്നിയില്ല. 'വിശ്വാസം... അതല്ലേ എല്ലാം...'
ഇത് നേര്യമംഗലം പാലം. നമ്മുടെ പടമെടുപ്പ് ഇവിടെ തുടങ്ങുന്നു, ഹൈറേഞ്ചും. 1935ല്‍ നിര്‍മ്മിച്ച ഈ പാലം ഉദ്ഘാടനം ചെയ്തത് ശ്രീചിത്തിരതിരുനാള്‍ ആണ്. പാലത്തിന്‍റെ റോഡ് വീതി വെറും 4.90 മീറ്ററേ ഉള്ളൂ. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന്‍റെ ഒരു കുഞ്ഞന്‍ പതിപ്പ്.
പാറവെട്ടിമാറ്റി നിര്‍മ്മിച്ച റോഡ്. വൈലോപ്പിള്ളിയുടെ 'മലതുരക്കല്‍' ഓര്‍ത്തു.
ആ പാറയില്‍ വളര്‍ന്നു വന്ന ആല്‍മരം...
മൂന്നാര്‍ യാത്രയിലെ ആദ്യ വെള്ളച്ചാട്ടം ആണ് ഇത്- ചീയപ്പാറ. ധാരാളം സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ പോയി നില്‍ക്കാനുള്ള സൌകര്യം ഉണ്ട് ഇവിടെ. തട്ടുകളായി വീഴുന്ന ഈ വെള്ളച്ചാട്ടത്തിന് ഇത്ര ഭംഗിയുണ്ടാവാന്‍ കാരണം മഴക്കാലം ആകും. എന്തായാലും മഴ ഇതുവരെ ഞങ്ങളെത്തേടി വന്നില്ലാട്ടോ.
അവിടുന്ന് കുറച്ച് കൂടെ യാത്ര ചെയ്താല്‍ റോഡരികില്‍ നിന്നാ കാണാവുന്ന വാളാര്‍ വെള്ളച്ചാട്ടം. ഇതിനരികിലേയ്ക്ക് പോകാന്‍ കഴിയില്ല. വെള്ളം ഉള്ള സമയം ആയത്കൊണ്ട് ഒരു ഭംഗിയൊക്കെ ഉണ്ട്. ഈ രണ്ട് കാഴ്ചകള്‍ക്കും മഴ തടസ്സമാകാത്ത സന്തോഷത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു...
ഒരു വെള്ളച്ചാട്ടം കൂടി ഉണ്ടായിരുന്നു. മഴ ഞങ്ങളെ ഇറങ്ങാന്‍ സമ്മതിച്ചില്ല. റോഡ് സാമാന്യം നല്ല മോശമായിത്തുടങ്ങി. വഴി വീതി കൂട്ടാന്‍ ഉള്ള പണി നടക്കുന്നതിനാല്‍ ടാറിങ് പലയിടത്തും ഒരു 'സങ്കല്പം' മാത്രമാണ്. നല്ല മഴ തുടങ്ങി... അങ്ങനെ മഴക്കാഴ്ചകള്‍ക്കിടയില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ കണ്ട് തുടങ്ങി.
താമസം പറഞ്ഞിരുന്നത് ശരവണ ഇന്‍-ല്‍. പാലത്തിന് മുന്‍പ് ഇടത്തോട്ട് പോകണം. അന്വേഷിച്ച് കണ്ടെത്തി. പാര്‍ക്കിങ്ങിന് വളരെ ബുദ്ധിമുട്ടുള്ള സ്ഥലം എന്നതൊഴിച്ചാല്‍ വേറെ പ്രശ്നമില്ല. അടുത്ത് ശരവണ ഭവന്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ ഉണ്ട്. എന്നാല്‍ ആ തണുപ്പത്ത് അങ്ങനെ വെജിറ്റേറിയനാകാന്‍ ഞങ്ങളെ കിട്ടില്ല. നടന്ന് ഒരു ഹോട്ടല്‍ കണ്ടെത്തി. ഫുഢടിച്ചു. തിരികെ മുറിയിലെത്തി അല്പം വിശ്രമം. റൂമില്‍ നിന്ന് എടുത്ത ടൌണിന്‍റെ കാഴ്ചയാണ് അടുത്ത ചിത്രത്തില്‍.
മഴ ചെറുതായി ഇടയ്ക്ക് പൊടിയുന്നു. ഞങ്ങള്‍ പുറത്തിറങ്ങി. വന്ന വഴിയെതന്നെ പോയാല്‍ ഒരു ഗാര്‍ഡന്‍ ഉണ്ടെന്നറിയാം. അതന്വേഷിച്ചാണ് കറക്കം. കുറച്ചിട ചെന്നപ്പോള്‍ കനാലിന്‍റെ വശങ്ങളിലായി നല്ല പൂക്കള്‍ നിറഞ്ഞ് നില്ക്കുന്നു. കനാലിന് കുറുകെ ഒരു ഇരുമ്പ് പാലം കണ്ടപ്പോള്‍ നിര്‍ത്തി. പാലം പൂട്ടി ഇട്ടിരിക്കുകയാണ്. കുനിഞ്ഞ് അകത്ത് കടന്നു. മനോഹരമായ ഒരു ലാന്‍ഡ് സ്കേപ് ചിത്രം പോലെയുള്ള കാഴ്ചയാണ് പാലത്തില്‍ നിന്ന് നോക്കിയാല്‍ ഇരു വശത്തും കാണാനാവുക. മൂന്നാറിലെ സാധാരണ കാണാറുള്ള ഏതൊരു സ്ഥലത്തെക്കാളും മനോഹരമായ ദൃശ്യം. മഴക്കാറിന്‍റെ മൂടല്‍ ചെറിയൊരു തടസ്സമായിട്ടും നല്ല കാഴ്ച തന്നെ അവിടം നല്‍കി.
അവിടുന്ന് കുറച്ച് കൂടെ ചെന്നപ്പോള്‍ അന്വേഷിച്ച ഗാര്‍ഡനില്‍ എത്തി. പാസ്സ് എടുത്തു. വ്യത്യസ്തയിനം ചെടികളാല്‍ നിറഞ്ഞ പൂന്തോട്ടം. പുതിയ തൈക്കള്‍ നടുന്ന സമയം ആയതിനാലും മഴക്കാലമായതിനാലും ചെറിയ പോരായ്മകള്‍ ഉണ്ടെന്ന് മാത്രം. പൂക്കളും പുല്‍മേടും നടപ്പാതയും കുട്ടികള്‍ക്ക് ഊഞ്ഞാലും എല്ലാമായി ഒരു വൈകുന്നേരം ചെലവഴിക്കാന്‍ പറ്റിയ സ്ഥലം...
മഴ ചെറുതായി ചാറിയപ്പോഴേക്കും ഞങ്ങള്‍ അറ്റം വരെ നടന്നെത്തിയിരുന്നു. അവിടുന്ന് സാവധാനം തിരിച്ചു. മഴ ഇടയ്ക്ക് പൊടിയുന്നു എന്ന് മാത്രം. കാഴ്ചകള്‍ക്ക് തടസ്സമൊന്നും ഇല്ല. വെറുതെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു ഡ്രൈവ്. പോയ വഴി മോശമായിരുന്നു എന്ന് മാത്രം. ഇടയ്ക്കിറങ്ങി ചിത്രങ്ങള്‍ എടുത്തു, കാഴ്ചകള്‍ കണ്ടു... ഇരുട്ടായിത്തുടങ്ങിയപ്പോള്‍ പതുക്കെ മുറിയിലേക്ക് തിരിച്ചു...
രാത്രി ശരവണഭവനിലെ നല്ല ഒനിയന്‍ ഊത്തപ്പം, ചായ...
രാവിലെ നേരത്തെ ഉണര്‍ന്നു. മഴ ആയതിനാല്‍ ശക്തി കുറവെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. പുറത്തേക്ക് നോക്കിയപ്പോള്‍ സൂര്യനുദിക്കുന്നു. ആ പ്രകാശത്തില്‍ ദൂരെ രണ്ട് മലകള്‍ തിളങ്ങി നില്‍ക്കുന്നു.
വീണ്ടും ശരവണഭവനിലേക്ക്. രാവിലത്തെ ചായ കഴിച്ച് എട്ടരയോടെ കറങ്ങാനിറങ്ങി. മൂന്നാറില്‍ പ്രധാനമായി നാല് വഴികളാണ് ഉള്ളത്- മാട്ടുപ്പെട്ടി, കോയമ്പത്തൂര്‍, കൊച്ചി, തേക്കടി. മൂന്നാറിന്‍റെ സാറ്റലൈറ്റ് മാപ് നോക്കുക. കോയമ്പത്തൂര്‍ വഴിയാണ് രാജമല, മറയൂര്‍ എന്നീ സ്ഥലങ്ങള്‍. ഈ കാലാവസ്ഥയില്‍ അങ്ങോട്ട് പോയിട്ട് കാര്യമില്ല. ഞങ്ങള്‍ മാട്ടുപ്പെട്ടി റോഡ് തെരഞ്ഞെടുത്തു. ടൌണ്‍ പിന്നിട്ടപ്പോള്‍ നല്ല റോഡ്. ടാറ്റയുടേതടക്കം പല സ്ക്കൂളുകളും ഈ വഴിയില്‍ ആണ്. ധാരാളം തേയിലത്തോട്ടങ്ങള്‍ ഇരുവശത്തും ഉള്ള വഴി. ചെറിയ മഞ്ഞ്. ഹരിഹരന്‍റെ ഗസലൊക്കെ കേട്ട് സാവധാനത്തിലുള്ള യാത്ര. ഇടയ്ക്ക് നിര്‍ത്തി പടമെടുപ്പ്...
13 കിലോമീറ്റര്‍ ആണ് മാട്ടുപ്പെട്ടി ഡാമിലേക്കുള്ള ദൂരം. അവിടെയെത്തി, വണ്ടി ഡാമിനടുത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തി. ഡാമിലേക്ക് ചാഞ്ഞ് നില്ക്കുന്ന വലിയ മരങ്ങള്‍ക്കരികിലായാണ് പാര്‍ക്കിങ്.
അവിടെ നിന്നുള്ള ഡാമിന്‍റെ ദൃശ്യം.
ഡാമിലൂടെ മറുവശത്തേക്ക് നടന്നു. ഇടയ്ക്ക് കാറ്റ്... മഴ ഒന്ന് പൊടിഞ്ഞു, പെയ്തില്ല. ഫോട്ടോകള്‍ ധാരാളം എടുത്തു.
ഡാമിന്‍റെ ഇപ്പുറം ഉള്ളത് പോലെ മറുവശവും നിറയെ കടകളാണ്. ചെറിയ സാധനങ്ങള്‍ ഇവിടെ കിട്ടും. ധാരാളം പേര്‍ ഡാം കാണാന്‍ ഇറങ്ങിയിട്ടുണ്ട്.
തിരിച്ചെത്തി വണ്ടിയെടുത്ത് ഡാമിലൂടെ... ഇനി എക്കോ പോയന്‍റ് ആണ് ലക്ഷ്യം. നല്ല റോഡാണ്. അതുകൊണ്ട് സുഖയാത്ര. ഡാമില്‍ നിന്ന് 4 കിലോമീറ്റര്‍ കഴിഞ്ഞാണ് എക്കോ പോയന്‍റ്. അവിടെ കാര്യമായി ഒന്നും ഇല്ല. യാത്ര തുടര്‍ന്നു. വീണ്ടും 6 കിലോമീറ്റര്‍ പോയാല്‍ കുണ്ടള ഡാമിലെത്താം. ഇടയ്ക്ക് ഇരു വശത്തും യൂക്കാലി മരങ്ങള്‍ നിറഞ്ഞ റോഡ്. ഇറങ്ങി, കാഴ്ചകള്‍ കണ്ട് യാത്ര...
മനോഹരമായ കുന്നുകളും തോട്ടങ്ങളും ഈ യാത്രക്കിടെ കാണാം. പ്രത്യേകിച്ച് ഒരു സ്ഥലം എന്നതിനെക്കാള്‍ ഇത്തരം കാഴ്ചകള്‍ക്കാണ് മൂന്നാര്‍ യാത്രയില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് തോന്നുന്നു. ഈ വഴിയിലാണ് മാട്ടുപ്പെട്ടി ഫാം. ഫാമിന്‍റെ ഗേറ്റ് കണ്ടു, ഇറങ്ങിയില്ല. റോഡരികിലായി പശുക്കള്‍ക്കായി വളര്‍ത്തുന്ന പുല്‍മേടുകളും കാണാം.
അങ്ങനെ കുണ്ടള ഡാമിലെത്തി. വലിയ യൂക്കാലി മരങ്ങള്‍ക്കരികിലായാണ് ഈ ഡാം.
നല്ല ഭംഗിയുള്ള കാഴ്ചകളാണ് ഈ സ്ഥലവും നല്‍കുന്നത്. ഡാമില്‍ ബോട്ടിങ് സൌകര്യം ഉണ്ട്. ധാരാളം പേര്‍ ബോട്ടിങ് നടത്തുന്നുണ്ടായിരുന്നു.
സാവധാനം തിരിച്ചു. കാരണം ഉച്ചയ്ക്ക് റൂം ഒഴിയണം. മാട്ടുപ്പെട്ടി ഡാമില്‍ ഇരുവശത്ത് നിന്നും ഒരേസമയം ബസ്സുകള്‍ വന്നത് ഗതാഗതം സ്തംഭിപ്പിച്ചു. ഏതാണ്ട് അരമണിക്കൂര്‍ അവിടെ പോയി.
തിരികെ മൂന്നാറെത്തി. ഭക്ഷണം, ചായപ്പൊടി വാങ്ങല്‍... മടക്കയാത്ര. മഴ ഒട്ടും ഇല്ലാത്ത കാലാവസ്ഥ. അത് കൊണ്ട് അങ്ങോട്ട് പോയപ്പോള്‍ കാണാന്‍ കഴിയാതിരുന്ന കാഴ്ചകള്‍ കണ്ട് തിരികെയിറങ്ങി...
അങ്ങോട്ടുള്ള യാത്രയില്‍ ഇറങ്ങാന്‍ കഴിയാതെ പോയ വെള്ളച്ചാട്ടമാണ് ഇത്. താഴേക്കിറങ്ങി അതിനടുത്ത് വരെ പോയി. അങ്ങനെ മൂന്നാര്‍ യാത്രയിലെ അവസാന ചിത്രവും എടുത്ത് കഴിഞ്ഞു...
അങ്ങനെ നല്ല യാത്രകളുടെ ലിസ്റ്റിലേയ്ക്ക് മൂന്നാറും.
ഇവിടെ യാത്രപോവാൻ കഴിയാത്ത എനിക്ക് ഫോട്ടോ വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല ദൃശ്യങ്ങൾ.
ReplyDeleteഗംഭീരം
ReplyDeletemanoharamayi..... vivaranavum, chithrangalum........ aashamsakal....
ReplyDeleteഹണിമൂണ്‍ ഹണിമൂണ്‍...:) അല്ലേ ആത്മാ ?
ReplyDeleteമൂന്നാര്‍ വരെ ഞാനും പോയി വന്നു ..നല്ല യാത്ര ,യൂക്കാലി മരങ്ങള്‍ നിറഞ്ഞ റോഡ്,ശരവണ യിലെ ഭക്ഷണം എല്ലാം കൂടി യാത്രനന്നായി !!!ഈ യാത്ര വായിച്ച് തീര്‍ന്നപ്പോള്‍ പഴയ കുറെ നല്ല ഓര്‍മ്മകള്‍ തിരിച്ച് കിട്ടി .നന്ദി ..
ReplyDeleteനീരു ചോദിച്ചപോലെ ,ഈ യാത്ര ചെയ്ത രണ്ടുപേരുടെയും ഒരു ഫോട്ടോ കൂടി ഇടാമായിരുന്നു ,എന്തായാലും ആശംസകള്‍ കേട്ടോ ..
വിവരണവും,ചിത്രങ്ങളും നന്നായി
ReplyDeleteമൂന്നാർ നേരിട്ടു കണ്ടതിനേക്കാളും ഭംഗി ഇതു വായിച്ചപ്പോൾ കിട്ടി
ReplyDeleteനിരക്ഷരന് തോന്നിയപോലെ എല്ലാര്‍ക്കും തോന്നിക്കോട്ടെ നിങ്ങള്‍മാത്രാ പോയേന്ന്.. ഞാനായിട്ട് ഒന്നും പറയുന്നില്ല ..
ReplyDeleteഎന്തായാലും പോസ്റ്റ് വന്നല്ലോ. സന്തോഷമായി.. ഫോട്ടോസ് ആസ് യൂഷ്വല്‍ സൂപ്പര്‍....
പിന്നെ ഈ മുന്നാറില്‍ ഞാനും പണ്ടെങ്ങാണ്ട് പോയിട്ടുണ്ടത്രെ.. എന്ന് വച്ചാല്‍ ഓര്‍മ വക്കും മുമ്പേ... ഓ.. ഇപ്പോ എന്തൊരോര്‍മയാ ന്ന് പറയണ്ട, തീരെ കുഞ്ഞായിരുന്നപ്പോ എന്നാ പറഞ്ഞേ..(കണ്ടാല്‍ തോന്നില്ലെങ്കിലും എനിക്കും ഉണ്ടായിരുന്നെടോ ഒരു കുട്ടിക്കാലം...)
നന്നായിട്ടുണ്ട്.ഹണിമൂണ്‍ ട്രിപ്പായിരുന്നതുകൊണ്ടാണോ
ReplyDeleteമഴയായതുകൊണ്ടാണോ ചിത്രങ്ങള്‍ ഇത്ര നന്നായത്?
കൊടൈക്കനാലും ഊട്ടിയും പൊന്മുടിയും വരുന്നതു കാത്തിരിക്കുന്നു.
അഭിപ്രായങ്ങള്‍ എഴുതിയ എല്ലാര്‍ക്കും നന്ദി.
ReplyDeleteവീണ്ടും എഴുതുക.
എത്ര കണ്ടാലും മതി വരാത്ത സ്ഥലവും ചിത്രങ്ങളും
ReplyDelete:)
നല്ല യാത്ര!
ReplyDeleteശ്രീ, അലി,
ReplyDeleteസന്ദര്‍ശനത്തില്‍ സന്തോഷം...
nice one......
ReplyDeleteവളരെ നല്ല സ്ഥലവും വിവരണവും ചിത്രങ്ങളും.....നേരിട്ടു കണ്ടതിനേക്കാളും ഭംഗി
ReplyDelete