മലയാളം രണ്ടാംകിട ഭാഷയെന്ന മനോഭാവം മാറണം-എം.ടി.


തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷയെ മാറ്റി നിര്‍ത്തേണ്ട
കാര്യമില്ലെങ്കിലും മലയാളം രണ്ടാംകിട ഭാഷയാണെന്ന
മനോഭാവം മാറ്റിയേ മതിയാകൂവെന്ന്
എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു.
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍
'ഭാഷയുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍
സംഘടിപ്പിച്ചസെമിനാറില്‍ മുഖ്യപ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.

ഒരു ഭാഷയ്ക്കും ഞാന്‍ എതിരല്ല.
എല്ലാ ഭാഷകളും മഹത്തരമാണ്.
പക്ഷേ എത്രപേര്‍ സംസാരിക്കുന്നു എന്നതിനെ
ആശ്രയിച്ചല്ല ഭാഷയുടെ മഹത്വം.
ഏതുകാലത്തും പ്രാദേശികഭാഷകള്‍ക്ക്
അതിന്‍േറതായ ഉള്‍ക്കരുത്തുണ്ടെന്ന
കാര്യം നാം വിസ്മരിക്കരുത്.
പല വിജ്ഞാനങ്ങളും ഞാന്‍ ആര്‍ജിച്ചത് ഇംഗ്ലീഷ്
ഭാഷയിലൂടെയാണ്. ആ ഭാഷയോട് അങ്ങനെ
എനിക്ക് കടപ്പാടുമുണ്ട്.
പക്ഷേ കേരളത്തില്‍ എങ്ങനെയോ ഇംഗ്ലീഷിന്
ഒരു ഔന്നത്യം നല്‍കുകയും
മലയാളത്തിന് വേണ്ട പരിഗണന
നല്‍കാതിരിക്കുകയും ചെയ്യുന്ന
അവസ്ഥയുണ്ട്. ഇത് ശരിയല്ല-
എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.

മലയാളത്തോടുള്ള സ്‌നേഹത്തിന്റെ പേരില്‍
തമിഴ്‌നാട്ടിലെപോലെ ഭാഷയുടെ
പേരിലുള്ള മിഥ്യാഭിമാനവും ഭാഷാഭ്രാന്തും
നമുക്കാവശ്യമില്ല. ബംഗാളില്‍
എന്റെ സുഹൃത്തുക്കളായ പല എഴുത്തുകാരും
കടകളുടെ ഇംഗ്ലീഷിലുള്ള പേരുകള്‍
ടാര്‍ പൂശി മായ്ക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ കണ്ടു.
വിദേശികളോ മറ്റ് സംസ്ഥാനക്കാരോ ആയവര്‍ക്ക്
ഇംഗ്ലീഷിലുള്ള പേര് വായിച്ച് ഏതെങ്കിലും
മരുന്നുകടയില്‍നിന്നും മരുന്ന് വാങ്ങാനുള്ള
അവസരം തടയുന്ന രീതിയൊന്നും
നമുക്ക് വേണ്ടെന്നും എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.

അവനവന് ഒരു കാര്യം പറയാന്‍
സാധിക്കാത്തവിധം ഭാഷ ഇല്ലാതാകുന്നത്
കഷ്ടമാണ്. ഭാഷ നഷ്ടപ്പെടുന്നതിന്റെ വേദനകള്‍
പല വിഖ്യാത എഴുത്തുകാരും
അവരുടെ കൃതികളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
അധികാരം സ്ഥാപിക്കുന്നതിന്റെ
ഭാഗമായി ഭാഷകളുടെമേല്‍ ആക്രമണം നടത്തിയതിന്
ചരിത്രത്തില്‍ ഒട്ടേറെ
തെളിവുകളുണ്ട്. ഒരിക്കല്‍ പഴയ
യു.എസ്.എസ്.ആറിലെ കസാക്കിസ്ഥാനില്‍
പോയപ്പോള്‍ അവരുടെ ഭാഷയ്ക്കുനേരെ നടന്ന
ആക്രമണത്തിനെതിരായ രോഷം
നേരിട്ടു മനസ്സിലാക്കാനായി. തങ്ങളുടെ
പ്രകൃതിസമ്പത്തും മറ്റും ഉപയോഗിച്ച്
റഷ്യയില്‍ വ്യവസായം ഉണ്ടാക്കിയതെല്ലാം ക്ഷമിക്കാം.
പക്ഷേ ഞങ്ങളുടെ ഭാഷയുടെ ലിപി മാറ്റി ഭാഷയെ
കൊന്നവരോട് ക്ഷമിക്കാനാകില്ലെന്നാണ്
ഒരു കസാക്കിസ്ഥാന്‍ എഴുത്തുകാരന്‍ പറഞ്ഞത്-
എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.

ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. പി.കെ. പോക്കര്‍
അധ്യക്ഷത വഹിച്ചു.
ഡോ. എം.ജി.എസ്. നാരായണന്‍,
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍,
കെ.ഇ.എന്‍. കുഞ്ഞഹമ്മദ്,
ഡോ. സി. ഉണ്ണികൃഷ്ണന്‍, ചെറായി രാമദാസ്
തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ഷിബുശ്രീധര്‍
സ്വാഗതം പറഞ്ഞു.

Comments

  1. ഇതിവിടെ പങ്കു വച്ചതു നന്നായി

    ReplyDelete
  2. ഈ പങ്കു വെക്കലിനു നന്ദി ആത്മാ.....

    ReplyDelete
  3. മലയാളത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം എന്റെയും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍‌..

    ഇംഗ്ലീഷ് ഭാക്ഷ അറിയുന്നതൊക്കെ മഹത്തരം
    തന്നെ. പക്ഷെ അതിലും മഹത്തരമാണ്‌ മലയാളത്തെ മറക്കാതിരിക്കല്‍.. രക്ഷിക്കാന്‍ ശ്രമിക്കല്‍..

    ഇപ്പോള്‍‌ എല്ലാവരും ഇംഗ്ലീഷ് ഭാക്ഷയെ രക്ഷിക്കാന്‍ ശ്രമിക്കയല്ലേ?! ഇംഗ്ലീഷ ഭാക്ഷ അറിഞ്ഞാല്‍ മാത്രം പോര.. ഒരിച്ചിരി ഗ്രാമര്‍ മിസ്റ്റേക്ക് വന്നാല്‍ ഇംഗ്ലീഷ്മലയാളി കൈകൊട്ടി ചിരിക്കും! മലയാളം തെറ്റോടെ പറയുന്നത് അന്തസ്സും!( ഞാന്‍ എഴുതിയതിലും അക്ഷരതെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണേ..)

    ഇന്നാളില്‍ എനിക്കൊരു ചൊല്ല് ഓര്‍മ്മ വ‍ന്നു..( ഞാന്‍ സ്വയം ഉണ്ടാക്കിയ ചൊല്ലാണു ട്ടൊ)
    ‘ഇംഗ്ലീഷ് പറയുന്ന മലയാളിയെക്കാളും
    മലയാളം പറയാന്‍ ശ്രമിക്കുന്ന ഒരു ഇംഗ്ലീഷുകാരനെ ഞാന്‍ ബഹുമാനിക്കും’ എന്ന്..
    എന്തിനാണ്‌ ഇങ്ങനെ തോന്നിയതെന്ന് കൂടുതല്‍ അപഗ്രഥിച്ചൊന്നും ഇല്ല..

    എങ്കിലും സ്വന്തം രാജ്യത്ത് സ്വന്തം ഭാക്ഷ പറഞ്ഞാല്‍ അന്തസ്സില്ലെന്ന് വരിക എന്നാല്‍ അത് വളരെ വേദനാജനകം തന്നെ.
    മറ്റേതെങ്കിലും രാജ്യക്കാര്‍ ഈ വിധം ചിന്തിക്കപോലും ഇല്ല.

    അല്ലേ, ഈ ഇംഗ്ലീഷ് ഭാക്ഷയില്‍ നൈപുണ്യം നേടി അങ്ങ് ഇംഗ്ലീഷ് രാജ്യത്ത് ചെന്നാല്‍ അവര്‍ നമ്മള്‍ ഇംഗ്ലീഷ് കാരാണെന്ന് പറഞ്ഞ് സ്വാഗതം ചെയ്യുമോ?!

    ഇതാ ഒരു ഇംഗ്ലീഷറിയാവുന്ന ഒരു മലയാളി (ഇന്ത്യാക്കാരന്‍), എന്നല്ലെ അവര്‍ വിളിക്കൂ..
    അപ്പോള്‍ മലയാളിയുമല്ല ഇംഗ്ലീഷുകാരനുമാകാനാവാതെ നശിക്കുകയല്ലേ..

    എഴുതിയത് കൂടിപ്പോയെങ്കില്‍ ക്ഷമിക്കുമല്ലൊ,

    സസ്നേഹം
    ആത്മ

    ReplyDelete
  4. ശരിക്ക് വായിക്കാന്‍ പറ്റുന്നില്ല അത്മന്‍ . വലതുഭാഗത്തെ അക്ഷരങ്ങളൊക്കെ മുറിഞ്ഞുപോകുന്നല്ലോ ? ഫോണ്ട് സൈസ് വലുതാക്കാന്‍ കമ്പോസ് സ്ക്രീനിലെ ടൂള്‍സ് ഉപയോഗിക്കുന്നതുകൊണ്ടാകം ഇങ്ങനെ സംഭവിക്കുന്നത്. ഫോണ്ട് സൈസ് സെറ്റിങ്ങ്സില്‍ പോയി ക്രമീകരിച്ച് ഇട്ടാല്‍ ഈ പ്രശ്നം ഇല്ലാതാക്കാം.

    ReplyDelete
  5. മനോജ് പറഞ്ഞപ്രശ്നം പരിഹരിച്ചിട്ടുണ്ട്.

    ശ്രീ, കുഞ്ഞൂസ് - നന്ദി.

    ആത്മ, - എഴുതിയത് കൂടിപ്പോയി എന്ന പരാതി ഇല്ല. സന്ദര്‍ശനത്തില്‍ സന്തോഷം. വീണ്ടും എഴുതുമല്ലൊ...

    ReplyDelete
  6. മലയാളമെന്ന ഭാഷയെ “വ്യഭിചരിക്കുന്ന“(കടുത്ത് പോയെങ്കില്‍ ക്ഷമിക്കുക) അത്രക്ക് വിഷമമുണ്ട്)രഞ്ജിനി ഹരിദാസിനെ പോലെയുള്ളവളുമാരെ നിയന്ത്രിച്ചാല്‍ മാത്രം മതി....മലയാളം താനെ നന്നായിക്കോളും........

    ReplyDelete
  7. മാറുന്ന മലയാളി,
    "പോലെയുള്ളവളുമാരെ" മാത്രം നിയന്ത്രിച്ചാ മതിയോ? "അവന്മാരെ"യും വേണ്ടെ? താങ്കളുടെ അഭിപ്രായത്തോട് ചില വിയോജിപ്പുകള്‍ ഉണ്ട്. താങ്കളുടെ പേര് സൂചിപ്പിയ്ക്കും പോലെയാണ് കാലം. മാറുന്ന തൊഴില്‍ സംസ്കാരത്തിനും ശീലങ്ങള്‍ക്കുമൊപ്പം ഭാഷയില്‍ മാറ്റം വരില്ലെ? മലയാളം എന്നും എവിടെയും ഒന്നുപോലെ അല്ലല്ലോ. അതുകൊണ്ട് താങ്കള്‍ വിയോജിക്കുന്ന അവരുടെ ഭാഷയെ ഒരു പുതിയ വിഭാഗമായി (പോലീസുകാരന്‍റെയും കൃഷിപ്പണിക്കാരന്‍റെയും ചുമട്ടുതൊഴിലാളിയുടെയും ഭാഷ വ്യത്യസ്ഥമായിരിയ്ക്കുന്നത് പോലെ)കാണാവുന്നതല്ലെ ഉള്ളൂ?
    ചര്‍ച്ച നടക്കേണ്ട പ്രധാന വിഷയം ഇതല്ല എന്ന് തോന്നുന്നു. മലയാളത്തെ ഒഴിവാക്കുന്നത് കൂടുതല്‍ ഗൌരവത്തോടെ കാണേണ്ടതല്ലെ?

    ReplyDelete
  8. എം.ടി. പറഞ്ഞേല് കാര്യോണ്ട്.
    പിന്നെ ക്ലാസ്സിക് പദവി ഭാഷയ്ക്ക് വേണംന്ന് പറയണ മന്ത്രി ആദ്യം മലയാളത്തെ ഒന്നാം ഭാഷയാക്കട്ടെ, എല്ലാ സ്ക്കൂളിലും നിര്‍ബന്ധാക്കട്ടെ. അല്ലാതെ ഈ കാട്ടണതിലെ ആത്മാര്‍ത്ഥതയില്ലായ്മയോ, വിവരക്കേടോ ഏതായാലും കുറെപ്പേരൊക്കെ തിരിച്ചറിയും.
    മലയാളഐക്യവേദിയ്ക്ക് ആശംസകള്‍.

    ReplyDelete
  9. മലയാളി അല്ലെ തരത്ത്തിനോത്തെ നിക്കൂന്നെ.

    ReplyDelete
  10. "പോലെയുള്ളവളുമാരെ" മാത്രം നിയന്ത്രിച്ചാ മതിയോ? "അവന്മാരെ"യും വേണ്ടെ? “

    താങ്കള്‍ ഒരു മലയാള ഐക്യവേദി പ്രവര്‍ത്തകനാണെന്ന് കരുതുന്നു. അങ്ങനെ ഒരാളില്‍ നിന്നുമുണ്ടായ ഈ മറുപടി തീര്‍ത്തും അപക്വവും ബാലിശവുമായാണ് എനിക്കനുഭവപ്പെട്ടത്......

    “മാറുന്ന തൊഴില്‍ സംസ്കാരത്തിനും ശീലങ്ങള്‍ക്കുമൊപ്പം ഭാഷയില്‍ മാറ്റം വരില്ലെ?“

    വന്നോട്ടെ...പക്ഷേ ആ സംസ്കാരം ഭാഷയെ വികലമാക്കുന്നു എന്ന് തോന്നിയാല്‍ അതിലിടപെടേണ്ട കാര്യമേ ഇല്ല എന്നാണോ താങ്കള്‍ ഉദ്ദേശീക്കുന്നത്.ഈ ‘അനങ്ങാപ്പാറ‘ നയങ്ങള്‍ തന്നെയാണ് മലയാള ഭാഷയെ ഈ തകര്‍ച്ചയിലേക്ക് തള്ളീ വിട്ടത് എന്ന് നിസ്സംശയം പറയാം... ഒരു അവതാരകയായ രഞ്ജിനി ഹരിദാസിന്‍റെ(ഒരു പ്രതീകം മാത്രം.വാളെടുക്കേണ്ട...:))കാര്യം തന്നെയെടുക്കാം. അവരെയും അവരെപോലെയുള്ളവരെയും ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യുന്ന ഒരുപാട് കുട്ടികളും യുവതികളും ഉണ്ട് എന്ന് മറക്കരുത്.ഒരു പോലീസുകാരനോ,ചുമട്ടു തൊഴിലാളിക്കോ കൃഷിക്കാരനോ ഒരു അവതാരകയെ പോലെ മറ്റൊരാളുടെ ഭാഷാശൈലിയില്‍ സ്വാധീനം ചെലുത്താനാകുമോ എന്ന് താങ്കള്‍ തന്നെ ചിന്തിക്കുക. കേരളത്തിനു പുറത്ത് ജീവിച്ച് മലയാളം മാന്യമായി കൈകാര്യം ചെയ്യുന്ന പല അവതാരകരുമുണ്ട്. അതുകൊണ്ടാണ് “പോലെയുള്ളവരെ” എന്നു പറഞ്ഞതും.

    മലയാള ഭാഷ നേരിടുന്ന പ്രശ്നങ്ങളെ താങ്കള്‍ എല്ലാവശത്തു നിന്നും ചിന്തിക്കുന്നില്ല എന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞകാരണവും മലയാളമെന്ന ഭാഷയുടേ തകര്‍ച്ചയ്ക്ക് ഒരു കാരണം തന്നെയാണ്.താങ്കള്‍ക്ക് തോന്നുന്നില്ലെങ്കിലും........

    “ചര്‍ച്ച നടക്കേണ്ട പ്രധാന വിഷയം ഇതല്ല എന്ന് തോന്നുന്നു.“

    അങ്ങനെ താങ്കള്‍ തന്നെ വിധിച്ച സ്ഥിതിക്ക് ഇനിയൊരു അഭിപ്രായപ്രകടനത്തിന് ഞാനില്ല. വണക്കം..........

    @റ്റോംസ്..............:):)

    ReplyDelete
  11. ആത്മന്‍ - എനിക്കിപ്പോഴും ആ പ്രശ്നമുണ്ട് . വലത്തുഭാഗം മുറിഞ്ഞാണ് കാണുന്നത്.

    ReplyDelete
  12. മനോജ്,
    പ്രശ്നം എന്താണെന്ന് മനസ്സിലായില്ല. ഒടുവില്‍ വരികള്‍ ഇടയ്ക്ക് മുറിച്ച് പരിഹരിച്ചു.

    മാറുന്ന മലയാളി,
    കാഴ്ചപ്പാടുകളിലെ ഈ മാറ്റം പെട്ടന്ന് മാറ്റാവുന്നതല്ല. പക്ഷേ ഏതാണ് ശരി മലയാളം എന്ന് താങ്കള്‍ പറയുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്. അതില്‍ ആദിവാസിയുടെ മലയാളം ഉള്‍പ്പെടുമോ? തിരുവനന്തപുരത്തും കോഴിക്കോട്ടും സംസാരിക്കുന്ന മലയാളം ഉള്‍പ്പെടുമോ? അച്ചടി മലയാളം ഉള്‍പ്പെടുമോ?
    എന്റെ സംശയങ്ങളാണ്. താങ്കളുടെ ആദ്യ എഴുത്തില്‍ താങ്കള്‍ പോലുമറിയാതെ സ്ത്രീ വിരുദ്ധത കടന്നുവന്നത് കണ്ടുവോ? ഇത് ഇന്ന് ഭാഷയുടെ കൂടെ പ്രശ്നമാണ്. നമ്മള്‍ ഒരു പൊതു വിഭാഗത്തെ സൂചിപ്പിക്കേണ്ടി വരുമ്പോള്‍ പുല്ലിംഗപദങ്ങള്‍ ഉപയോഗിക്കുന്നു. ഭാഷ ഒട്ടും നിഷ്കളങ്കമായ ഒന്നല്ല, അത് പ്രയോഗിയ്ക്കുന്നയാളുടെ രാഷ്ടീയത്തെയും സംസ്കാരത്തെയും ഉള്ളടങ്ങുന്നുണ്ട്. ഇംഗ്ലീഷിന്റെ ഭാഷയിലെ ഈ കലര്‍പ്പിനെ ഞാന്‍ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഞാന്‍ സംസാരിയ്ക്കുന്ന മലയാളം അധികം സംസ്കൃതപദങ്ങളും ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, അറബി തുടങ്ങി നിരവധി വിദേശഭാഷാപദങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.
    ഇങ്ങനെ നിരന്തരം മാറിക്കൊണ്ടിരിയ്ക്കുന്ന മലയാളത്തില്‍ ഒരു ഘട്ടവും മറ്റൊന്നിനെക്കാള്‍ ശ്രേഷ്ടമല്ല.

    ReplyDelete
  13. "പോലെയുള്ളവളുമാരെ" മാത്രം നിയന്ത്രിച്ചാ മതിയോ? "അവന്മാരെ"യും വേണ്ടെ? “
    എന്ന ചോദ്യവും മലയാള ഐക്യവേദിയും തമ്മിലെന്ത്? മനസ്സിലായില്ല.

    ReplyDelete
  14. "താങ്കളുടെ ആദ്യ എഴുത്തില്‍ താങ്കള്‍ പോലുമറിയാതെ സ്ത്രീ വിരുദ്ധത കടന്നുവന്നത് കണ്ടുവോ?"

    :)...താങ്കള്‍ ഞാന്‍ പറഞ്ഞവിഷയത്തില് നിന്ന് മാറി, “സ്ത്രീ വിരുദ്ധത” എന്ന പദം പൊക്കി പിടിച്ചുകൊണ്ട് വരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. മലയാള ദൃശ്യ മാദ്ധ്യമ അവതാരക ഗണത്തില്‍ 90 ശതമാനത്തില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആണ് എന്നാണ് എന്‍റെ പരിമിതമായ അറിവ്.മാത്രമല്ല എന്തിനോ വേണ്ടി മലയാളത്തെ അനാവശ്യമായി വികലമാക്കുന്നതും അവര്‍ തന്നെ.അതുകൊണ്ട് തന്നെയാണ് അങ്ങനെ ഒരു പദം ഞാനുപയോഗിച്ചതും.....

    “ഇന്ന് ഭാഷയുടെ കൂടെ പ്രശ്നമാണ്. നമ്മള്‍ ഒരു പൊതു വിഭാഗത്തെ സൂചിപ്പിക്കേണ്ടി വരുമ്പോള്‍ പുല്ലിംഗപദങ്ങള്‍ ഉപയോഗിക്കുന്നു. “

    അതു സത്യം.....ഭൂമി ദേവന്‍, ഭാരത പിതാവ്, അങ്ങനെ എത്ര ഉദാഹരണം കിടക്കുന്നു...........:)

    “ഞാന്‍ സംസാരിയ്ക്കുന്ന മലയാളം അധികം സംസ്കൃതപദങ്ങളും ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, അറബി തുടങ്ങി നിരവധി വിദേശഭാഷാപദങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഇങ്ങനെ നിരന്തരം മാറിക്കൊണ്ടിരിയ്ക്കുന്ന മലയാളത്തില്‍ ഒരു ഘട്ടവും മറ്റൊന്നിനെക്കാള്‍ ശ്രേഷ്ടമല്ല.“

    സമ്മതിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് മലയാള ഭാഷയ്ക്ക് വേണ്ടിയുള്ള ഈ പൊറാട്ട് നാടകങ്ങള്‍...ഒരിക്കലും ശ്രേഷ്ഠമല്ലാത്ത \ആയിട്ടില്ലാത്ത ഈ ഭാഷ നശിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ ...അതിനെ അതിന്‍റെ പാട്ടിന് വിടുക...

    “എന്ന ചോദ്യവും മലയാള ഐക്യവേദിയും തമ്മിലെന്ത്? മനസ്സിലായില്ല.“

    ഇതിന്‍റെ ഉത്തരം താങ്കളുടെ മറുപടിയില്‍ തന്നെയുണ്ട്.

    ”അത് പ്രയോഗിയ്ക്കുന്നയാളുടെ രാഷ്ടീയത്തെയും സംസ്കാരത്തെയും ഉള്ളടങ്ങുന്നുണ്ട്.“

    താങ്കള്‍ സ്ത്രീകള്‍ക്കു വേണ്ടി സംസാരിച്ചോളൂ....പക്ഷേ അതിനു വേണ്ടി മറ്റുള്ളവരുടെ പേരില്‍ അനാവശ്യ അരോപണങ്ങള്‍ ഉന്നയിക്കാതിരിക്കുക.

    സ്നേഹപൂര്‍വ്വം...

    ReplyDelete
  15. malayalathinu vendiyulla aathmante sramangalku abinandanam
    aatmanum marunnamalayaliyum panku vacha nilapadukal nokiyal rendu bagathum chila yadarthyam undu ennu kanam
    anchors kuttikalude bhashaye swadinikunnathu cheriya karyamalla ennanu eniku thonnunathu
    pinne malayalabhashayude shreshtaha.....ella bhashayum etharam pankuvaikaliludeyum kadamkollaliludeyum aanu vikasikunnathu pankuvaikal orikalum adikaram sthapikal alla....

    en

    ReplyDelete
  16. മാറുന്ന മലയാളി,
    മലയാളഭാഷയിലെ സ്ത്രീവിരുദ്ധത എന്ന വിഷയത്തില്‍ ഞാന്‍ തത്കാലം ചര്‍ച്ച തുടരുന്നില്ല. ഭാഷയുടെ ഒരു സ്വഭാവത്തെ സൂചിപ്പിയ്ക്കാന്‍ പറഞ്ഞതായിരുന്നു.(സമൂഹത്തില്‍ മേല്‍ക്കൈ നേടുന്ന വിഭാഗത്തിന്റെ സ്വാധീനം ഭാഷയില്‍ കടന്നു വരും)

    പൊറാട്ട്നാടകമെന്ന് അധിക്ഷേപിച്ചത് തീര്‍ച്ചയായും ഇഷ്ടപ്പെട്ടില്ല. കാരണം ഇന്ന് സാമൂഹികമായി പ്രസക്തമായ കാര്യം എന്ന നിലയിലാണ് ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നത്. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. അത് പോലെതന്നെ വിലയിരുത്തപ്പെടേണ്ടതാണ് ഭാഷയിലെ മാറ്റങ്ങളും. ടെലിവിഷന്‍ അവതാരകരുടെ ഭാഷ എനിയ്ക്കും അത്ര താത്പര്യമില്ല, എന്നാല്‍ എന്റെ ഭാഷ മറ്റു ചിലര്‍ക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല. അല്പം മുന്‍പ് ചാനലില്‍ താങ്കള്‍ സൂചിപ്പിച്ച അവതാരകയുടെ ഭാഷയെക്കുറിച്ച് നടന്‍ ദിലീപ് 'ഈ ഭാഷ മാറ്റിയാല്‍ ചാനല്‍ അവരെ പുറത്താക്കും' എന്ന് തമാശയായി പറയുന്നത് കേട്ടു. ഇതില്‍ വാസ്തവമുണ്ട്, ആ ഭാഷ കുറെപ്പേര്‍ ഇഷ്ടപ്പെടുന്നു. എനിയ്ക്ക് ഈ ഭാഷാരീതിയോട് താത്പര്യമില്ല. പക്ഷേ ഇന്നത്തെ പുതിയ തലമുറ സംസാരിയ്ക്കുന്ന ഭാഷ പത്തുവര്‍ഷം മുന്‍പുള്ളതാണോ? അല്ലെന്നാണ് എനിയ്ക്ക് തോന്നുന്നത്. ഇംഗ്ലീഷ് വാക്കുകളും മറ്റും അവരുടെയും (നമ്മുടെയും) സംസാരത്തില്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അത് തെറ്റല്ല എന്ന് ഞാന്‍ കരുതുന്നു. ഈ കരുതല്‍ തന്നെയാണ് ടെലിവിഷനിലെ ചില പ്രത്യേകപരിപാടികളുടെ അവതാരകരുടെ ഭാഷാരീതിയെ ഒരു 'ഭാഷാരീതി' മാത്രമായി കാണാന്‍ എന്നെ പ്രേരിപ്പിയ്ക്കുന്നതും. പച്ചമലയാളത്തില്‍ സംസാരിയ്ക്കാന്‍ ആധുനികമലയാളിയ്ക്ക് കഴിയില്ലല്ലോ. പോട്ടെ, സംസ്കൃതത്തെ മാറ്റിനിര്‍ത്തി നമുക്ക് എന്ത് പറയാന്‍ കഴിയും? അപ്പോള്‍ അതാകാം ഇഗ്ലീഷ് പാടില്ല! ഭാഷയെക്കുറിച്ച് കാല്‍പനികമായ ഒരു കാഴ്ച എനിയ്ക്കില്ലാത്തത് എന്റെ പോരായ്മയാകാം. അതുകൊണ്ട് തന്നെ മലയാളത്തോടുള്ള അവഗണനയെ- സാമൂഹികമായും ഭരണതലത്തിലും മറ്റും -ശക്തമായി എതിര്‍ക്കുന്നതോടൊപ്പം ഭാഷയുടെ ഗതിയില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന മാറ്റങ്ങളെ ഭാഷയില്‍ സംഭവിയ്ക്കുന്ന പരിണാമം എന്ന നിലയില്‍ കാണാനും ശ്രമിയ്ക്കുന്നു.

    പിന്നെ മലയാളഐക്യവേദി പലകാഴ്ചപ്പാടുകളുള്ളവരുടെ കൂട്ടായ്മയാണ്. ഞാന്‍ പറയുന്ന കാര്യങ്ങളെ ദയവായി ആ സംഘടനയുമായി കൂട്ടിച്ചേര്‍ക്കരുത്.

    ReplyDelete
  17. എന്തായാലും ഈ ചര്‍ച്ചയ്ക്ക് ധാരാളം മാനങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാകുന്നുണ്ടല്ലോ... മാതൃഭാഷയെക്കുറിച്ചുള്ള നമ്മുടെ അവബോധത്തില്‍ തന്നെയാണ് മാറ്റം വരേണ്ടതും. മാതൃഭാഷയുടെ നിരവധി ധര്‍മ്മങ്ങളെ കുറിച്ചു മനസ്സിലാക്കിക്കൊണ്ടേ അതു സാധ്യമാകൂ. സൌഹൃദ സംഭാഷണങ്ങളിലും ആത്മഭാഷണങ്ങളിലും ടെലിവിഷന്‍ അവതരണങ്ങളിലും തുടങ്ങി ഗഹനമായ താത്വികവിചാരത്തില്‍ വരെ മാതൃഭാഷ വഹിക്കുന്ന നിര്‍ണായകമായ പങ്കിനെക്കുറിച്ചു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് മലയാളത്തിനു വേണ്ടിയുള്ള മലയാള ഐക്യവേദി പോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനവും നടക്കുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക തലങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചിന്തകള്‍ക്ക് ഈ ചര്‍ച്ചകള്‍ വഴിതെളിക്കും. ആത്മന്‍റെ ഇടപെടലുകള്‍ക്ക് ആശംസകള്‍.

    ReplyDelete
  18. നമസ്തേ മാഷേ

    കൊള്ളാം

    എല്ലാഭാവുകങ്ങളും

    ReplyDelete
  19. ആദര്‍ശ്,കൃഷ്ണഭദ്ര,
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം